നാടൻതോക്ക് ദ്രവിച്ച നിലയിൽ, നാട്ടുകാർ കണ്ടത് രക്തത്തിൽ കിടക്കുന്ന സിജോ തോമസിനെ
വെള്ളോറ: ഞാറയ്ക്കൽ തോട്ടത്തിന് സമീപത്തെ മുള്ളൻമടയിൽ യുവാവ് വെടിയേറ്റുമരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് വെള്ളോറ ഞായറാഴ്ച ഉണർന്നത്. കുന്നും നരിമടകളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലത്താണ് സിജോ തോമസ് എന്ന യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. വെള്ളോറ സ്വദേശിയും സുഹൃത്തുമായ ഷൈൻ ചേനമറ്റത്തലിന്റെ കൂടെ നായാട്ടിന് പോയതായിരുന്നു സിജോയെന്ന് നാട്ടുകാർ പറഞ്ഞു. നരിമാളത്തിൽ മൃഗങ്ങൾ തങ്ങുന്ന സ്ഥലമാണ്. പാറക്കെട്ടും കുന്നും മടകളുമായ അപകടസ്ഥലമാണിത്.
സംഭവസ്ഥലത്ത് കണ്ണൂർ എസ്‌പി അനൂജ് പലിവാൾ, പയ്യന്നൂർ ഡിവൈഎസ്‌പി കെ. വിനോദ് കുമാർ, ഡിവൈഎസ്‌പി പി. സുഭാഷ് ബാബു, പെരിങ്ങോം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്ഐ ജാൻസി മാത്യു എന്നിവരും ഫൊറൻസിക് സയന്റിഫിക് ഓഫീസർ ഡോ. എൻ.പി. ഗോകുൽ, വിരലടയാള വിദഗ്‌ധർ എന്നിവരും എത്തി.
ലൈസൻസില്ലാത്ത നാടൻതോക്കുകൾ മലയോരത്ത് ധാരാളമുണ്ട്. വ്യാജ തോക്കുകൾ നിർമിക്കുന്ന സംഘങ്ങളും ഇവിടെയുണ്ട്. നിരവധി തവണ പോലീസും എക്സൈസും തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവരിൽ തോക്കിന് ലൈസൻസ് ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. നാടൻതോക്കുകൾ കണ്ടെത്തുന്നതിന് അധികൃതർ പരിശോധന ശക്തമാക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

Comments
Post a Comment