വടകരയിൽ നാൽപതോളം കോഴികളെ തെരുവുനായകൾ കൊന്നു.
വടകര: മുക്കാളിയിൽ വീട്ടമ്മ വളർത്തുന്ന നാൽപതോളം കോഴികളെ തെരുവുനായകൾ കൊന്നു. മീത്തലെ മുക്കാളിയിലെ വലിയപറമ്പത്ത് നസ്ലിയ വളർത്തുന്ന കോഴികളെയാണ് തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചു കൊന്നത്. നാലെണ്ണം ബാക്കിയായെങ്കിലും ഗുരുതരമായ പരിക്ക് പറ്റിയ നിലയിലാണിവ. അന്തരിച്ച വലിയപറമ്പത്ത് മുസ്‌തഫയുടെ ഭാര്യയായ നസ്ലിയുടെ ആശ്രയമാണ് കോഴികൾ. ഇവയെ കൊന്നതോടെ വീട്ടമ്മയുടെ വരുമാന മാർഗം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഈ പ്രദേശത്ത് നായക്കൂട്ടം കാരണം ഇടവഴികളിൽ പോലും ആളുകൾക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. ഒരുപാട് തവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് ഇവർ പരാതിപ്പെട്ടു. പാവപ്പെട്ട വിധവയായ വീട്ടമ്മയുടെ വരുമാന മാർഗം നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവർ നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ഉയർന്നു.

Comments
Post a Comment