വണ്ടർ ഗേൾസ്; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ലോക ചാമ്പ്യൻമാർ
മുംബൈ: ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ക്യാപ്റ്റൻ ലോറ വോൾവർത്തും ടാസ്‌മിൻ ബ്രിറ്റ്സും ഒൻപത് ഓവറിൽ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്സ് റണ്ണൗട്ടായി മടങ്ങി. 23 റൺസാണ് താരത്തിന്റെ സമ്പാദ്യം. വൺഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റൻ ലോറ വോൾവർത്ത് ക്രീസിൽ നിലയുറപ്പിച്ചതോടെ സ്കോർ 100 കടന്നു. 25 റൺസെടുത്ത സ്യൂൺ ല്യൂസിനെ ഷഫാലി വർമ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. 16 റൺസെടുത്ത സിനാലോ ജാഫ്ത്‌തയെ ദീപ്‌തി ശർമയും കൂടാരം കയറ്റി.
അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 148 റൺസെന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റൻ വോൾവാർത്താണ് കരകയറ്റുന്നത്. വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ പതറാതെ ടീമിന് കരുത്തായി. അനെറി ഡെർക്‌സണിനെ കൂട്ടുപിടിച്ച് വോൾവാർത്ത് ടീമിനെ 200 കടത്തി. 35 റൺസെടുത്ത ഡെർക്‌സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോൾവാർത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാൽ ദീപ്‌തി ശർമ കളിയുടെ ഗതി മാറ്റി. വോൾവാർത്തിന്റേതടക്കം രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയ ദീപ്‌തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തിൽ 101 റൺസെടുത്താണ് വോൾവാർത്ത് പുറത്തായത്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റൺസിന് പുറത്താക്കി. ലോക കിരീടത്തിൽ ഇന്ത്യൻ മുത്തം.
നേരത്തേ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വർമയും സ്മൃതി മന്ദാനയും ശ്രദ്ധയോടെയാണ് കളിച്ചത്.
ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരേ ആക്രമണോത്സുക ബാറ്റിങ്ങിന് ഇരുവരും തയ്യാറായില്ല. മറിച്ച് പതിയെ സ്കോറുയർത്തി. ആദ്യ ആറോവറിൽ 45 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
പത്തോവറെത്തുമ്പോഴേക്കും സ്കോർ 64 ലെത്തി. പിന്നീട് ഷഫാലി സ്കോറിങ്ങിന് വേഗം കൂട്ടി. 17 ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 97 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.എന്നാൽ 18-ാം ഓവറിൽ സ്കോർ നൂറുകടന്നതിന് പിന്നാലെ സ്‌മൃതി മന്ദാന പുറത്തായി. 58 പന്തിൽ നിന്ന് 45 റൺസെടുത്താണ് മന്ദാന കൂടാരം കയറിയത്. ആ ഓവറിൽ തന്നെ അർധസെഞ്ചുറി തികച്ച ഷഫാലി വർമ ടീമിനെ മുന്നോട്ടുനയിച്ചു. പിന്നാലെ ഇറങ്ങിയ ജെമീമയുമായി ചേർന്ന് ഷഫാലി ടീമിനെ 150 കടത്തി. സ്കോർ 166 ൽ നിൽക്കേ ഷഫാലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 78 പന്തിൽ നിന്ന് 87 റൺസെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ 24 റൺസെടുത്ത ജെമീമയും പുറത്തായി. അതോടെ ഇന്ത്യ 171-3 എന്ന നിലയിലായി.
നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ചേർന്ന് ടീമിനെ ഇരുന്നൂറ് കടത്തി. ഈ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ഹർമൻപ്രീതിനെ ക്രീസിൽ തുടരാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 20 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ മ്ലാബ മടക്കി. പിന്നീടിറങ്ങിയ അമൻജോത് കൗറും(12) വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ദീപ്തി ശർമ ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഒപ്പം റിച്ചാ ഘോഷും അടിച്ചുകളിച്ചതോടെ സ്കോർ കുതിച്ചു. ദീപ്‌തി ശർമ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്‌തു. റിച്ചാ ഘോഷ് 34 റൺസെടുത്ത് പുറത്തായി. ദീപ്തി 58 റൺസെടുത്ത് റണ്ണൗട്ടായി. ഒടുക്കം നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ത്യ 298 റൺസെടുത്തു.

Comments
Post a Comment