നൂറിൽ കൂടുതൽ ശവശരീരങ്ങൾ പാചകം ചെയ്തു ഭക്ഷിച്ചു സഹോദരങ്ങൾ


  2011 ഏപ്രിൽ 3 പ്രഭാതസൂര്യൻ്റെ നേരിയ വെളിച്ചത്തിൽ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദരിയാഹൻ ഗ്രാമത്തിലെ ശ്മശാനം, തലേദിവസം വീട്ടിലെ പെൺകുട്ടിയെ അടക്കം ചെയ്ത സ്ഥലത്തേക്ക് ഒരു കൊച്ചുകുടുംബം എത്തിച്ചേർന്നു. അടക്കത്തിൽ പങ്കെടുക്കാൻ കഴിയാതെപോയ ചില ബന്ധുക്കൾ വന്നപ്പോൾ, അവരെ ഖബർ കാണിക്കാനായി വന്നതായിരുന്നു അവർ. അവർ ഖബറിടത്തിനടുത്തെത്തി. എന്നാൽ, ആ കാഴ്‌ച കണ്ടതും ഒരു നിമിഷം അവർ അമ്പരപ്പോടെയും ഭയത്തോടെയും ആ ഖബറിലേക്ക് നോക്കി നിന്നു. തലേദിവസം അടക്കം ചെയ്‌ത പെൺകുട്ടിയുടെ ഖബറിലെ മണ്ണ് പുറത്തേക്ക് വീണു കിടക്കുന്നു. ഖബറിൽനിന്ന് മണ്ണ് ഒരുപാട് രണ്ടു വശത്തേക്ക് നീക്കിയിട്ടിരിക്കുന്നു! ആരോ അസാമാന്യമായ ശക്തി ഉപയോഗിച്ച് അത് കുഴിച്ചിരിക്കുന്നു! പെൺകുട്ടിയുടെ സഹോദരൻ ഞെട്ടലോടെ ആ കാഴ്‌ച കണ്ട് ഉടൻതന്നെ പള്ളിയിലെ അധികാരികളെ വിവരമറിയിച്ചു. ഓടിയെത്തിയ പള്ളി കമ്മിറ്റിക്കാർക്കും അത് കണ്ടു പകച്ചുപോയി. എന്തോ ഒരു അസ്വാഭാവികമായ കാര്യം അവിടെ സംഭവിച്ചിരിക്കുന്നു, ഒരു ദുരൂഹതയുടെ നിഴൽ അവിടെ വീണിരിക്കുന്നു. ശരീരങ്ങൾ അടക്കം ചെയ്യുമ്പോൾ, പട്ടികളോ മറ്റു ജീവികളോ വന്ന് ചിലപ്പോൾ സ്ഥലം കുഴിക്കാൻ സാധ്യതയുണ്ട്. എന്നാൽ, അത്തരത്തിൽ ഒരു ജീവിയും വന്നതിന്റെ ലക്ഷണമോ കാൽപ്പാടുകളോ പരിസരത്ത് കാണാനില്ലായിരുന്നു. ഇത് മനുഷ്യന്റെ പ്രവർത്തിയാണ്.

കാര്യം ഉറപ്പായതും നാട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ പള്ളി കമ്മിറ്റിക്കാരും ബന്ധുക്കളും ചേർന്ന് ഖബർ തുറക്കാൻ തീരുമാനിച്ചു.

കൂട്ടിയിട്ടിരുന്ന മണ്ണ് മുഴുവൻ മാറ്റിയതും, സകലരും അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. അതിനകത്ത് തലേദിവസം അവർ അടക്കം ചെയ്‌ത മൃതദേഹമില്ല! ആ പെൺകുട്ടിയുടെ ശരീരം തലേദിവസം രാത്രി ആരോ അവിടെനിന്ന് എടുത്തുകൊണ്ടുപോയിരിക്കുന്നു. എന്തിന്? ആ ചോദ്യം എല്ലാവരുടെയും മനസ്സിൽ ഭീതിയുടെ അലകൾ തീർത്തു.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾ പോലെയുള്ള സ്ഥാപനക്കാർ എടുത്തുകൊണ്ടുപോകാറുണ്ട്. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചതാണോ എന്ന സംശയത്തിൽ പോലീസ് സമീപത്തുള്ള മെഡിക്കൽ കോളേജുകളിൽ അന്വേഷണം ആരംഭിച്ചു.

അതേസമയം, നാട്ടുകാർ സ്വന്തം നിലയിലും അന്വേഷണം തുടങ്ങി. അപ്പോഴാണ് തലേദിവസം ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഒരാൾ, താൻ കണ്ട ഒരു കാഴ്ച്‌ച ഓർത്തെടുത്തത്.

അസ്വാഭാവികമായ ശൈലിയിൽ രണ്ടു ചെറുപ്പക്കാരെ അയാൾ അവിടെ കണ്ടിരുന്നു. അവർ ചടങ്ങിൽ പങ്കെടുക്കാൻ വന്നവരല്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അവർ മാറിനിന്ന്, ഒരകലം പാലിച്ച്, വെറുതെ വീക്ഷിക്കുകയായിരുന്നു.

ഈ വിവരം കേട്ടതും സ്‌മശാനത്തിന്റെ സൂക്ഷിപ്പുകാരനായ ഗാർഡ് മറ്റൊരു കാര്യം ഓർത്തെടുത്തു. രണ്ടു ചെറുപ്പക്കാരെ അയാളും കണ്ടിരുന്നു. അതിൽ ഒരാളുടെ കൈവശം ഒരു മൺവെട്ടിയും ഉണ്ടായിരുന്നു. മൺവെട്ടിയുമായി അവർ സ്‌മശാനത്തിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോകുന്നതാണ് അയാൾ കണ്ടത്. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും, ഇപ്പോൾ കഥയിത്രയും ആയപ്പോൾ അയാൾത് പോലീസിനെ അറിയിച്ചു.

ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് നാട്ടുകാർ പോലീസിനെ സമീപിച്ചു. അവർക്ക് സംശയമുള്ള ആ ചെറുപ്പക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി: ഫർമാൻ എന്നും ആരിഫ് അലി എന്നും വിളിക്കുന്ന രണ്ട് സഹോദരങ്ങൾ. പള്ളിയുടെ അടുത്താണ് അവരുടെ വീട്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവരെക്കുറിച്ച് പള്ളി കമ്മിറ്റിക്കാർക്ക് നല്ല അഭിപ്രായമായിരുന്നില്ല.

പോലീസ് സംഘവും നാട്ടുകാരും പള്ളി കമ്മിറ്റിക്കാരും ചേർന്ന് ഏപ്രിൽ 4-ന് ആരിഫിന്റെ വീടിലെത്തി. വാതിൽ തുറന്നത്ഒരു പ്രായമുള്ള വ്യക്തിയാണ്. ആരിഫ് മുറിക്കകത്ത് ഉറങ്ങുകയാണെന്ന് അയാൾ അറിയിച്ചു.

പോലീസ് അകത്തേക്ക് കടന്നു. ആരിഫിനെ ഉപ്പ വിളിച്ചുണർത്തി. ഉപ്പയ്ക്കൊപ്പം പുറത്തേക്ക് വന്ന ആരിഫ്, പോലീസിനെ കണ്ടതും ഒന്ന് പരുങ്ങി. ആ പരുങ്ങൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

കാണാതെപോയ മൃതദേഹം കണ്ടെത്താനായി പോലീസ് വീട് പരിശോധിക്കാൻ തീരുമാനിച്ചു. അടുക്കളയും മറ്റു ഭാഗങ്ങളും പരിശോധിച്ചു. അടഞ്ഞുകിടക്കുന്ന ഒരു മുറിയുടെ മുന്നിലെത്തിയപ്പോൾ, അത് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആരിഫിനോട് ആവശ്യപ്പെട്ടപ്പോൾ അവൻ താക്കോലെടുത്ത് മുറി തുറന്നു കൊടുത്തു.

മുറിക്കുള്ളിലേക്ക് കടന്ന പോലീസുദ്യോഗസ്ഥരെ വരവേറ്റത് വിചിത്രമായ ഒരു കാഴ്‌ചയായിരുന്നു. അവിടെ ഒരു മേശയിരിക്കുന്നു. മേശപ്പുറത്ത് ഒരു പാത്രമുണ്ട്. ആ പാത്രത്തിൽ ഇറച്ചിക്കറിയുണ്ട്.

അതിനടുത്ത്, ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന നല്ല കട്ടിയുള്ള ഒരു തടിമേശപ്പുറത്ത് ഇരിക്കുന്നു. ആ തടിയുടെ മുകളിൽ നല്ല വീതിയുള്ള ഒരു കത്തിയും, മേശയിൽ ചാരി ഒരു ചെറിയ കോടാലിയും വെച്ചിരിക്കുന്നു.

ആ കോടാലിയിലും കത്തിയിലും തടിയിലും ഇറച്ചിക്കറിച്ചട്ടിയിലും കൊഴുപ്പ് പറ്റിപ്പിടിച്ചിരിക്കുന്നു. മാംസം സ്ഥിരമായി കൈകാര്യം ചെയ്യുമ്പോൾ പറ്റിപ്പിടിക്കുന്ന കൊഴുപ്പ്!

ഈ കാഴ്ചകൾക്കിടയിൽ, ഒരു പോലീസുദ്യോഗസ്ഥൻ മറ്റൊരുകാര്യം ശ്രദ്ധിച്ചു: ആ മേശയുടെ അടിയിൽനിന്ന് കൂട്ടത്തോടെ ഉറുമ്പുകൾ വരിവരിയായി സമീപത്തുള്ള കട്ടിലിൻ്റെ അടിയിലേക്ക് പോവുകയാണ്.

കട്ടിലിനടിയിലേക്ക് നോക്കിയപ്പോൾ, അവിടെ രണ്ട് വലിയ ചാക്കുകൾ കിടക്കുന്നുണ്ടായിരുന്നു. അത് വളമായിരുന്നു. 'ഇവന്മാർ എന്തിനാണ് വളം വീടിനകത്ത്, കട്ടിലിനടിയിൽ കൊണ്ടുവെക്കുന്നത്?'

അന്വേഷണ ഉദ്യോഗസ്ഥൻ വളത്തെക്കുറിച്ച് ചോദിച്ചുതുടങ്ങിയതും, കൂടെയുണ്ടായിരുന്ന പോലീസുകാരൻ പറഞ്ഞു: "സാർ, ആ കട്ടിലിനടിയിലേക്ക് നോക്കിയേ!"

അയാൾ വീണ്ടും കുനിഞ്ഞു നോക്കി. ഉറുമ്പിന്റെ വരി വളത്തിന്റെ ചാക്ക് കഴിഞ്ഞിട്ടും മുന്നോട്ട് പോവുകയാണ്. വളത്തിൽ ഉറുമ്പിൻ്റെ സാന്നിധ്യമില്ല. ഉറുമ്പുകൾ കട്ടിലിനടിയിലൂടെ ചുവരിന്റെ അടുത്തേക്ക് പോയിരിക്കുന്നു. ചുവരോട് ചേർന്ന് ഒരു വലിയ ബാഗ് ഇരിക്കുന്നത് അപ്പോഴാണ് പോലീസുകാർ ശ്രദ്ധിച്ചത്.

ആ ബാഗ് പുറത്തെടുത്ത് സിബ്ബ് ഒന്ന് നീക്കിയതും, അവർ ശരിക്കും ഞെട്ടിത്തരിച്ചു!

ഞെട്ടിയ പോലീസ് ഉടനടി ആ ബാഗുമായി മുറിയിൽനിന്ന് പുറത്തിറങ്ങി വീടിന്റെ മുറ്റത്തെത്തി. വീടിന് പുറത്ത് നാട്ടുകാരും ബന്ധുക്കളുമുണ്ട്. അവരുടെ മുന്നിൽവെച്ച് പോലീസ് ആരിഫ് അലിയെക്കൊണ്ട് ആ ബാഗ് തുറപ്പിച്ചു. സിബ്ബ് തുറന്നുവരുമ്പോൾ, ആ കാഴ്ച നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു. കാണാതെപോയ ആ പെൺകുട്ടിയുടെ മൃതദേഹം ഇതാ ആ ബാഗിനകത്തുണ്ട്!

മുറ്റത്തൊരു പായ വിരിച്ചതിനുശേഷം പോലീസ് ആരിഫിനോട് ബോഡി അതിലേക്ക് എടുത്തു വെക്കാൻ ആവശ്യപ്പെട്ടു. അയാൾ ബോഡി എടുത്ത് പായിലേക്ക് കിടത്തിയപ്പോൾ, സർവ്വ ആളുകളും ഒന്നുകൂടി ഞെട്ടി:

ആ പെൺകുട്ടിയുടെ ഒരു കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം ഇല്ല! ആ ഭാഗം ആരോ അറുത്തെടുത്തിരിക്കുന്നു. അപ്പോഴാണ് പോലീസിൻ്റെ മനസ്സിൽ ആ ഭീകരമായ സംശയം ഉറച്ചത്: മേശപ്പുറത്ത് കണ്ട ഇറച്ചിക്കറിയും കാണാതെപോയ പെൺകുട്ടിയുടെ കാൽമുട്ടിന് താഴെയുള്ള ഭാഗവും തമ്മിൽ ബന്ധമുണ്ടോ?

പോലീസ് ആരിഫിനോട് ആ ചോദ്യം ചോദിച്ചപ്പോൾ, നാട്ടുകാരും പള്ളി കമ്മിറ്റിക്കാരും മുഖത്തോട് മുഖം നോക്കി. ഇതിനിടയിൽ, ആരിഫിൻ്റെ സഹോദരൻ ഫർമാനെയും പോലീസ് പിടികൂടി. വളരെ ലളിതമായ ചോദ്യങ്ങൾ പോലീസ് അവരോട് ചോദിച്ചു: എന്തിനാണ് മൃതദേഹം കുഴിച്ചെടുത്തത്? ആ പെൺകുട്ടിയുടെ കാൽമുട്ടിന് താഴെയുള്ള ഭാഗം എന്തുചെയ്തു?

ആരിഫ് അലിയുടെ മറുപടി വന്നു, ഭീകരമായ ആ സത്യം വെളിപ്പെട്ടു:"സാർ, ആ കാൽമുട്ടിന് താഴെയുള്ള ഭാഗം ഞങ്ങൾ കഷ്ണങ്ങളാക്കി ചെറുതാക്കി കറി വെച്ചായിരുന്നു. കുറച്ചുകറി ബാക്കിയുണ്ട്. അതാണ് സാർ കണ്ടത്."

ബാക്കിയുണ്ടായിരുന്ന കറി മുഴുവൻ അവർ കഴിച്ചു എന്നതായിരുന്നു അവന്റെ ഉത്തരത്തിന്റെ അർത്ഥം. അതുകേട്ട പോലീസ് പോലും അറിയാതെ ചർദ്ദിച്ചുപോകാൻ ഒരുങ്ങി. ആ ഭീകരമായ ടെൻഡൻസി അടക്കിനിർത്താൻ പോലീസിന് നന്നായി പാടുപെടേണ്ടിവന്നു.

ചോദ്യം ചെയ്യലിൽ, ഫർമാനും ആരിഫ് അലിയും കൂടുതൽ സത്യങ്ങൾ വെളിപ്പെടുത്തി. അവർ ബോഡികൾ ഇതിനുമുമ്പും സ്മ‌ശാനത്തിൽനിന്ന് എടുത്തിരുന്നു. ഈ സമയം, നേരത്തെ സ്മശാനത്തിലേക്ക് പോയ നാട്ടുകാർ തിരികെയെത്തി. അവർ കണ്ട കാഴ്ച പോലീസിനോട് പറഞ്ഞു: സംശയം തോന്നിയ മറ്റു ഖബറുകളൊക്കെ ഇളകിയിരിക്കുന്നു!

പോലീസ് ഉടൻതന്നെ പ്രതികളുമായി ശ്മശാനത്തിൽ എത്തി. സംശയമുള്ള ഖബറുകളൊക്കെ കുഴിച്ചു. ഫലമോ? ആ കുഴികളിൽ ഒന്നിലും മൃതദേഹങ്ങളില്ല!. "സാർ, ഞങ്ങൾ അത് എടുത്തായിരുന്നു. എടുത്തിട്ട് സാർ ഞങ്ങൾ കഴിച്ചായിരുന്നു." ആരിഫ് അലിയും ഫർമാനും തണുത്ത സ്വരത്തിൽ ആ വാക്കുകൾ ആവർത്തിച്ചു.

പോലീസുകാർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, ആ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു: അവർ കഴിഞ്ഞ രണ്ടു കൊല്ലമായിട്ട് ആ സ്മശാനത്തിൽനിന്ന് മൃതദേഹങ്ങൾ ശേഖരിക്കുകയായിരുന്നു!

"രണ്ടുകൊല്ലംകൊണ്ട് എത്ര ബോഡി എടുത്തു കാണുമെന്ന് ചോദിച്ചപ്പോൾ?" ."സാർ, ഏകദേശം ഒരു നൂറ് ബോഡി എടുത്തു കാണും!"100 ഡെഡ് ബോഡി കുഴിച്ചെടുത്ത് കഴിച്ച ആളുകൾ! പോലീസ് ഉദ്യോഗസ്ഥർ പോലും അറിയാതെ ഭയത്തോടെ പിന്നോട്ട് മാറി.

തുടർന്ന്, അധികാരികളുടെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് അടക്കപ്പെട്ട എല്ലാ ശവക്കല്ലറകളും തുറന്നു പരിശോധിച്ചു. ഫർമാനും ആരിഫും പറഞ്ഞത് ശരിയായിരുന്നു: ആ കല്ലറകൾക്കുള്ളിൽ ഒന്നുമേയില്ല! എല്ലുകളുടെ അവശിഷ്ട‌ങ്ങൾ പോലും ഇല്ലാതെ നൂറോളം മൃതദേഹങ്ങൾ മിസ്സായിരിക്കുന്നു!

ഈ സംഭവം പാകിസ്ഥാനിൽ ഒരു സെൻസേഷണൽ വാർത്തയായി മാറി. ലോകമാധ്യമങ്ങൾ വരെ ഈ കഥ റിപ്പോർട്ട് ചെയ്തു. പോലീസ് തെളിവുകൾ സഹിതം കേസ് കോടതിയിൽ സമർപ്പിച്ചു. വിചാരണയ്ക്ക് കേസ് എത്തിയപ്പോഴാണ് നിയമത്തിലെ വിചിത്രമായ പഴുത് വെളിപ്പെട്ടത്.

ഇവർ ചെയ്ത‌ കുറ്റം എന്താണ്?" ജഡ്‌ജി പ്രോസിക്യൂഷനോട് ചോദിച്ചു. "യുവർ ഓണർ, ഇവർ മൃതദേഹങ്ങൾ എടുത്ത് ഭക്ഷിച്ചിരിക്കുകയാണ്." പ്രോസിക്യൂഷൻ മറുപടി പറഞ്ഞു.

"അല്ല, ഡെഡ് ബോഡികൾ ഭക്ഷിക്കുന്നത് നമ്മുടെ നിയമത്തിൽ തെറ്റാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?" ജഡ്‌ജി തിരിച്ചുചോദിച്ചു. "എല്ലാ മാംസങ്ങളും...മരിച്ചതിനുശേഷമാണ് നാം കഴിക്കുന്നത്. ആ കൂട്ടത്തിൽ മനുഷ്യൻ്റെ ഡെഡ് ബോഡി കഴിച്ചുകൂടേ?"

പാകിസ്ഥാനിലെ നിയമം അനുസരിച്ച്, മനുഷ്യന്റെ മൃതദേഹം ഭക്ഷിക്കുന്നത് കുറ്റമല്ലായിരുന്നു. ആരും അങ്ങനെയൊരു നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.


അതുകൊണ്ടുതന്നെ വിചാരണ പൂർത്തിയായപ്പോൾ, ആരിഫിനും ഫർമാനും കോടതി വിധിച്ചത് വെറും രണ്ടുവർഷത്തെ തടവാണ്! ഒരു പ്രത്യേക കാരണത്താലാണ് ശിക്ഷ വിധിച്ചത്: ഒരു ശ്മശനത്തിലെ ബോഡികൾ കുഴിച്ചെടുത്ത് ഭക്ഷിക്കുമ്പോൾ അത് സമൂഹത്തിൽ ഒരു ഭയമുണ്ടാക്കും. അങ്ങനെ സമൂഹത്തെ ഭയപ്പെടുത്താൻ അവരുടെ പ്രവർത്തികൾ കാരണമായി എന്ന ഒറ്റക്കാരണത്താൽ! ഒപ്പം, മൃതദേഹങ്ങളോട് കാണിക്കേണ്ട ബഹുമാനം അവർ കാണിച്ചില്ല എന്നതും ശിക്ഷയ്ക്ക് കാരണമായി.


ഈ വിധി പാകിസ്ഥാനിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. 100 മൃതദേഹങ്ങൾ ഭക്ഷിച്ചവർക്ക് ഇത്ര കുറഞ്ഞ ശിക്ഷ മതിയോ? ഫർമാനും ആരിഫും ചേർന്ന് കഴിച്ചുതീർക്കാൻ പറ്റാതെപോയ പെൺകുട്ടിയുടെ ശരീരം വീണ്ടും ശാനത്തിൽ അടക്കം ചെയ്തു.

വർഷങ്ങൾ കടന്നുപോയി. 2014 ഏപ്രിൽ 14.

പാകിസ്ഥാനിലെ ആ പ്രവിശ്യയുടെ തെക്കുഭാഗത്ത് ഒരു അയൽക്കാരൻ പോലീസിൽ പരാതിയുമായി എത്തി. അയാളുടെ വീടിനടുത്തുള്ള വീട്ടിൽനിന്ന് രൂക്ഷമായ ഗന്ധം വരുന്നു എന്നായിരുന്നു പരാതി.

ഒരു ജീപ്പിൽ നാല് പോലീസുകാർ അയാൾക്കൊപ്പം ആ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ വാതിൽ തുറന്നത് ഒരു സ്ത്രീയാണ്. അയൽക്കാരന്റെ പരാതിയെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.

പോലീസുകാർ വീടിനകത്തേക്ക് കയറി. കാലെടുത്തുവെച്ചപ്പോൾതന്നെ അവർക്ക് രൂക്ഷഗന്ധം അനുഭവപ്പെട്ടു. നാലുപേരും വീടിൻ്റെ നാലുഭാഗത്തേക്ക് നീങ്ങി.

അതിൽ ഒരാൾ അടുക്കള ഭാഗത്ത് എത്തിച്ചേർന്നു. അയാൾക്ക് കാണേണ്ടിവന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അവിടെ ഒരു സ്റ്റൗവിൽ വെള്ളം തിളയ്ക്കുന്നു. അതിനു സമീപത്തായി ഒരു തടിയുടെ പുറത്ത് ഒരു കുഞ്ഞു തല ഇരിക്കുകയാണ്!

ആ കാഴ്ച‌ കണ്ട് അയാൾ ഉറക്കെ അലറി വിളിച്ചതും, മറ്റ് പോലീസുകാർ ഓടിയെത്തി. അവർ കണ്ടതും ഒരു കൊച്ചു തലയാണ്. നാലഞ്ചുദിവസത്തെ പഴക്കം ഒറ്റനോട്ടത്തിൽ കാണാം.

പോലീസ് വാതിൽ തുറന്നു കൊടുത്ത സ്ത്രീയോട് കാര്യം തിരക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു...

 അവൾക്ക് മാനസിക വെല്ലുവിളിയുള്ള സ്ത്രീയാണെന്ന് അയൽക്കാരൻ പോലീസിനോട് പറഞ്ഞു.

"ഇവിടെ വേറെ ആരും താമസിക്കുന്നില്ലേ?" പോലീസ് ചോദിച്ചു. "സാർ, ഇവളുടെ അച്ഛനും ഇവരുടെ സഹോദരന്മാരും ഉണ്ട്."

അപ്പോഴാണ് ഒരു വ്യക്തി വീടിനകത്തേക്ക് കടന്നുവരുന്നത് അയൽക്കാരൻ ശ്രദ്ധിച്ചത്. പോലീസിനെ കണ്ടതും അയാൾ പരുങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനുമുമ്പ് പോലീസ് അവനെ പിടികൂടി.

അവനെ അടുക്കള ഭാഗത്തേക്ക് കൊണ്ടുവന്ന് കാഴ്ച കാണിച്ചുകൊടുത്തു. ഭാവഭേദമില്ലാതെ അവൻ നിന്നു."ആ തല എന്തിനാ അവിടെ വെച്ചിരിക്കുന്നത്?" പോലീസ് ചോദിച്ചു."സാർ, അത് വെള്ളത്തിലിട്ട് വേവിച്ചെടുക്കാനാണ്!" അവൻ കൂളായി മറുപടി പറഞ്ഞു. പോലീസുകാരൻ ചോദിച്ചു: "നിന്റെ പേരെന്താണ്?" "എൻ്റെ പേര് ആരിഫ് അലി എന്നാണ്."

ആ പേര് കേട്ടതും ചുറ്റും നിശ്ശബ്‌ദമായി. രണ്ടു കൊല്ലങ്ങൾക്ക് മുമ്പ് പാകിസ്ഥാനെ പിടിച്ചുകുലുക്കിയ അതേ ആരിഫ് അലി! അവന്റെ മുഖം പോലീസുകാർ തിരിച്ചറിഞ്ഞു. ഭയം കാരണം പോലീസുകാർ പോലും അറിയാതെ പിന്നോട്ട് മാറി.

അകത്തെ പോലീസ് ധൈര്യം സംഭരിച്ച് ആരിഫ് അലിയോട് ആ ചോദ്യം ചോദിച്ചു: "ആരിഫ്, ഈ ബോഡിയുടെ ബാക്കി ഭാഗം എന്തേ?". "സാർ, അത് ഞങ്ങൾ കറിവെച്ച് കഴിച്ചായിരുന്നു!"

ആ അശരീരി പോലുള്ള മറുപടി വീടിനകത്തുകൂടി പുറത്തേക്ക് പടർന്നു. പോലീസുകാർ ഉടൻതന്നെ ഉയർന്ന ഉദ്യോഗസ്ഥരെയും ഫോറൻസിക് വിദഗ്‌ധരെയും വിവരമറിയിച്ചു.

പരിശോധനയിൽ, ഏകദേശം അഞ്ചുദിവസം പഴക്കമുള്ള, ഒരു കൊച്ചുകുട്ടിയുടെ തലയാണ് അവിടെ ഉണ്ടായിരുന്നതെന്ന് ഫോറൻസിക്കാർ പ്രാഥമികമായി നിഗമനം ചെയ്തു.

ആരിഫ് അലിയുടെ സഹോദരൻ ഫർമാനെയും പോലീസ് പിടികൂടി. ഇപ്രാവശ്യം പോലീസ് ശക്തമായ തെളിവുകളോടെയാണ് കേസ് കോടതിയിൽ അവതരിപ്പിച്ചത്. അവർ ഈ ശൈലിയിൽ മൃതദേഹങ്ങൾ ഭക്ഷിക്കുന്നത് നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന നിഗമനത്തിന്മേൽ കോടതി അവർക്ക് രണ്ടുപേർക്കും 12 കൊല്ലത്തെ തടവ് വിധിച്ചു. വിധി വന്ന വർഷം 2014. അവർ പുറത്തിറങ്ങേണ്ടത് 2026-ൽ. എന്നാൽ, 2025 ആയപ്പോൾ ജയിലിലെ ജീവിതരീതി പരിഗണിച്ച് അവർക്ക് ഒരു വർഷത്തെ ഇളവ് ലഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി