കോയമ്പത്തൂരിനെ ഞെട്ടിച്ച കൂട്ടബലാത്സംഗം; 24 മണിക്കൂറിനുള്ളിൽ 'ഓപ്പറേഷൻ' തീർത്ത് പോലീസ്; ഏറ്റുമുട്ടലിൽ വെടിയേറ്റുവീണ് പ്രതികൾ
കോയമ്പത്തൂർ: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതികളെ കീഴ്പ്പെടുത്തി തമിഴ്‌നാട് പോലീസ്. സംഭവത്തിന് പിന്നാലെ സർക്കാരിനും പോലീസിനും എതിരേ രൂക്ഷമായ വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്പ്പെടുത്തിയതായി പോലീസ് അറിയിച്ചത്. സതീഷ്, ഗുണ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. കാലിന് വെടിയേറ്റ മൂന്ന് പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ എംബിഎ വിദ്യാർഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11 മണിയോടെ കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോൾ ബൈക്കിൽവന്ന പ്രതികൾ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു.
തുടർന്ന് പ്രതികൾ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകർത്തു. ഇതോടെ ഇരുവരും പേടിച്ചു പുറത്തിറങ്ങി. രണ്ടുപേർ ചേർന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ചു. മൂന്നാമൻ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ മൂന്നുപേരും ചേർന്നു യുവതിയെ ബലം പ്രയോഗിച്ചു കൊണ്ടുപോയി. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽവെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മർദനമേറ്റ് അവശനായ യുവാവുതന്നെയാണ് അല്പസമയത്തിനുശേഷം പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. അഞ്ചുമണിക്കൂറോളം തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ റെയിൽപ്പാളത്തിനോട് ചേർന്നുള്ള വിജനമായ പറമ്പിൽ യുവതിയെ വിവസ്ത്രയാക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. അവശനിലയിലായിരുന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏറ്റുമുട്ടൽ, പ്രതികളും മധുര സ്വദേശികൾ.
പ്രതികളായ മൂന്നുപേരും മധുര സ്വദേശികളാണെന്ന് വിവരം. കോയമ്പത്തൂരിൽ കൂലിപ്പണിക്കാരായ മൂവരും നഗരത്തിലെ വാടകമുറിയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. കാലിന് വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതികളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ യുവതിയെ അവശനിലയിൽ കണ്ടെത്തിയതിന് പിന്നാലെ പോലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനായി ഏഴ് പ്രത്യേകസംഘങ്ങളെയും നിയോഗിച്ചു.പ്രതികൾ മോഷ്ടിച്ച ബൈക്ക് മാത്രമായിരുന്നു അന്വേഷണത്തിൽ ആദ്യംകിട്ടിയ തുമ്പ്. ഇതിനിടെ ക്രിമിനൽ പശ്ചാത്തലമുള്ള പോലീസിന്റെ പട്ടികയിലുള്ള 60-ഓളം പേരുടെ ഫോട്ടോകൾ പെൺകുട്ടിക്ക് കാണിച്ചുനൽകി. എന്നാൽ, ഈ ഫോട്ടോകളിലുള്ളവരെ പെൺകുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
രാത്രിയിലുള്ള പ്രതികളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിരുന്നെങ്കിലും വെളിച്ചക്കുറവ് കാരണം ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.
കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പ്രതികൾ പോലീസിനെ ആക്രമിച്ചെന്നും ഇതോടെയാണ് പ്രതികൾക്ക് നേരേ വെടിയുതിർത്തതെന്നുമാണ് പോലീസ് ഭാഷ്യം.

Comments
Post a Comment