ചക്കിട്ടപാറയിൽ വച്ച് രാത്രിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ സാമൂഹിക വിരുദ്ധർ കയറി നാശനഷ്ടം വരുത്തി
ചക്കിട്ടപാറ : ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം കെഎസ്ആർടിസി ബസ് ഇന്നലെ രാത്രി സർവീസിന് ശേഷം ചക്കിട്ടപ്പാറ ടൗണിൽ നിർത്തിയിട്ടിരുന്നു. ബസ് ജീവനക്കാർ ബസിൽ നിന്ന് ഇറങ്ങി വിശ്രമിക്കാൻ പോയ ശേഷം അർദ്ധരാത്രിയിൽ സാമൂഹിക വിരുദ്ധർ ബസിൽ കയറി നാശനഷ്ടം വരുത്തി. സാമൂഹിക വിരുദ്ധർ അകത്തുകയറി ഗിയറിൽ കിടന്ന വണ്ടി ന്യൂട്രൽ ആക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു.
മുൻപ് ഉണ്ടായിരുന്ന പല ദീർഘ ദൂര ബസ് സർവീസ് നിർത്തി പോയിട്ടും ചക്കിട്ടപാറക്കാരുടെയും കൂരാച്ചുണ്ടുകാരുടെയും നിത്യ ജീവിതത്തിന്റെ ആശ്രയമായി മാറിയ ചക്കിട്ടപ്പാറ കൂരാച്ചുണ്ട് പിറവം ബസിനു നേരെ ഉണ്ടായ ആക്രമണത്തിൽ ആശങ്കയും ഉത്കണ്ഠയും യാത്രക്കാർ പങ്കുവച്ചു.
ദീർഘദൂര യാത്രകൾ അതോടൊപ്പം ജോലി സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും നിരവധിയായ ആളുകൾക്ക് യാത്ര സൗകര്യത്തിന് തുണയാകുന്ന ഈ സർവീസ് ആണെന്നും, രാത്രികാലങ്ങളിൽ കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്കും ചക്കിട്ടപ്പാറയിലും എത്താൻ അത്യാവശ്യമായ ബസിനു നേര ഉണ്ടായ ആക്രമണത്തെ യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ശക്തമായി അപലപലിച്ചു.
നിയമനടപടികളുമായി മുൻപോട്ട് പോകുമെന്നും, സാമൂഹ്യവിരുദ്ധരെ കണ്ടുപിടിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പോലീസ് രാത്രികാല പെട്രോളിംഗ് കർശനമാക്കണമെന്നും, ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് എബിൻ കുബ്ലാനിക്കൽ പറഞ്ഞു.
മുൻപ് ബാലുശ്ശേരി കുറുമ്പൊയിൽ നിന്നും പുലർച്ചെ 4.40 ന് ആരംഭിക്കുന്ന ഒരു KSRTC ഉണ്ടായിരുന്നു. രാത്രി കുറുമ്പൊയിൽ അങ്ങാടിയിൽ ഹാൾട്ട് ചെയ്യാറായിരുന്നു പതിവ്. സാമൂഹ്യ വിരുദ്ധ ശല്യം കാരണം ബസിൻ്റെ സമയം മാറ്റി. രാവിലെ മെഡിക്കൽ കോളേജിൽ ഉൾപ്പെടെ പോകുന്നവർക്കുള്ള സൗകര്യപ്രദമായ സമയത്ത് ഓടിയിരുന്ന ബസ് ടൈം മാറ്റുകയും ചെയ്തു. ഇതുമൂലം ഈ ബസിനെ ആശ്രയിച്ചു പതിവായി യാത്ര ചെയ്തിരുന്നവർക്ക് വലിയ തോതിൽ ബുദ്ധിമുട്ടാകുകയും ചെയ്തു.

Comments
Post a Comment