നിയമന അംഗീകാരം ഇല്ലാത്ത പതിനായിരത്തിൽ കൂടുതൽ അധ്യാപകർ ക്ലസ്റ്റർ ബഹിഷ്ക്കരിച്ചു

 



 കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവിൻ്റെ ആഹ്വാനപ്രകാരം ആയിരക്കണക്കിന് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ സംസ്ഥാന വ്യാപകമായി ക്ലസ്റ്റർ മീറ്റിംഗ് ബഹിഷ്കരിച്ചു. നിയമന അംഗീകാരം നൽകാൻ കോടതികൾ ആവശ്യപ്പെട്ടിട്ടും വീണ്ടും സുപ്രീം കോടതിയിലേക്ക് ഇത് വലിച്ചിഴച്ച് അനിശ്ചിതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഗൂഢതന്ത്രത്തിനെതിരെയാണ് കെ.എ.ടി.സി. ക്ലസ്റ്റർ ബഹിഷ്കരണം ആഹ്വാനം ചെയ്തത്. ഒക്ടോബർ 16-ന് സുപ്രീം കോടതിയിലൂടെ അന്തിമപരിഹാരം ഉണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ആ ദിവസം കോടതിയിൽ സത്യവാങ്മൂലം (അഫിഡവിറ്റ്) സമർപ്പിക്കാനോ കേസ് പ്രത്യേകമായി എടുപ്പിക്കാനോ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ഈ സർക്കാരിൻ്റെ കാലാവധി മുഴുവൻ ഇങ്ങനെ കോടതിയുടെ പേര് പറഞ്ഞ് അധ്യാപകരുടെ നിയമനം തടസ്സപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. നവംബർ രണ്ടാം വാരം ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവാൻ ഇരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം എന്ന് കെ.എ.ടി.സി. സ്റ്റേറ്റ് കമ്മിറ്റി യോഗം ചേർന്ന് വിലയിരുത്തി. കെ.പി.എസ്.ടി.എ., കെ.എസ്.ടി.യു., എൻ.ടി.യു. തുടങ്ങിയ അധ്യാപക സംഘടനകളും ക്ലസ്റ്റർ ബഹിഷ്കരിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ആളുകൾ പങ്കെടുത്ത ക്ലസ്റ്റർ ആണ് ശനിയാഴ്ച കഴിഞ്ഞുപോയതെന്ന് കെ.എ.ടി.സി. വിലയിരുത്തുന്നു. യോഗത്തിൽ ബിൻസിൻ ഏക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ഹരി കണ്ണൂർ, ശ്രീശാന്ത് മണിയൂർ, ഹെൽന ഹാരൂൺ, സക്കറിയ മലപ്പുറം, ഷബീർ മലപ്പുറം, ജദീർ കൂളിമാട് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി