തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായുടെ ആക്രമണം
കണ്ണൂർ:മയ്യിൽ കണ്ടക്കൈയിൽ തെരുവുനായ് ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായുടെ ആക്രമണം. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്‌ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ് കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി. രാധാകൃഷ്നാണ് നായുടെ കടിയേറ്റത്.
മൈക്കിലൂടെ നായ് കുരക്കുന്നത് പോലുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കൾ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഇതിലൊരു നായാണ് അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ കടിച്ചത്. നാടകത്തിനിടെ നായ്ക്കളുടെ ആക്രമണമുണ്ടായപ്പോൾ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികൾ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ് ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവർത്തകർ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകൾക്കും കാലിനുമാണ് കടിയേറ്റത്.

Comments
Post a Comment