മൃതദേഹത്തിൽ രക്തവും പരിക്കുകളും; പന്തലായനി സ്വദേശിയായ വയോധികയുടെ മരണത്തിൽ സംശയം, പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

 


കൊയിലാണ്ടി: പന്തലായനി സ്വദേശിനിയായ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിൽ കാണപ്പെട്ട പരിക്കുകളും വായിൽ നിന്നും രക്തംവന്നതുമാണ് മരണവുമായി ബന്ധപ്പെട്ട് സംശയമുയരാൻ കാരണം. 

മുത്താമ്പി റോഡിലെ അണ്ടർപാസിൽ നിന്നും കൊല്ലം ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന് സമീപം താമസിക്കുന്ന തിയ്യത്ത് സൗദാമിനിയാണ് (73) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ മരിച്ചത്. ബുധനാഴ്ച രാവിലെ അയൽവാസിയാണ് കിടപ്പുമുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടത്.

സൗദാമിനിയും സഹോദരി പത്മിനിയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരാണ്. പത്മിനി അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേത്തുടർന്ന് സൗദാമിനി വീട്ടിൽ തനിച്ചായിരുന്നു.

രാവിലെ ഭക്ഷണം കൊണ്ടുകൊടുക്കാൻ എത്തിയ അയൽവാസി ഏറെ നേരം വിളിച്ചുനോക്കിയിട്ടും സൗദാമിനിയെ കാണാതായതോടെ വാതിലിൽ മുട്ടുകയായിരുന്നു. വാതിൽ അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ അകത്തുകടന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും കഴിഞ്ഞദിവസം മരണം നടന്ന വീട്ടിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി