ആന്റണി വിൻസന്റ് : സാധാരണക്കാരുടെ നേതാവ് വിട വാങ്ങിയിട്ട് ഒരു വർഷം

 

നിസാം കക്കയം അനുസ്മരിക്കുന്നു

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ സ്ഥിര സമിതി അധ്യക്ഷൻ പള്ളിപറമ്പിൽ ആന്റണി വിൻസന്റ് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. നാടിന് നഷ്ടമായത് സാധാരണക്കാരുടെ നേതാവിനെയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 2024 ഒക്ടോബർ പതിനേഴാം തീയതി അദ്ദേഹം മരണപ്പെട്ടത്. സി.പി.ഐ.എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആന്റപ്പൻ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിളിച്ചിരുന്ന ഇദ്ദേഹം ജനകീയ പ്രശ്നങ്ങളിൽ എന്നും സാധാരണ ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു. മലയോര കുടിയേറ്റ ഗ്രാമമായ കക്കയം പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 

കോൺഗ്രസ്‌ രാഷ്‌ട്രീയത്തിലൂടെയാണ് ആന്റപ്പൻ  പൊതുരംഗത്ത് സജീവമാകുന്നത്. സിപിഎം തുടർച്ചയായി വിജയിച്ചിരുന്ന കക്കയം വാർഡ്‌ 2000ലെ തിരഞ്ഞെടുപ്പിൽ യുവ മുഖമായിരുന്ന ആന്റണി വിൻസന്റിലൂടെയാണ് കോൺഗ്രസ്‌ പിടിച്ചെടുത്തിരുന്നത്. 

ഇദ്ദേഹം പഞ്ചായത്ത് അംഗമായിരുന്ന സമയത്താണ് കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടന്നിരുന്നത്. മേഖലയിലെ ടൂറിസം സാധ്യതകൾ പൊതുശ്രദ്ധയിലേക്ക് എത്തിക്കാനും, ശുദ്ധജല പദ്ധതികൾ പൂർത്തിയാക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ നിന്നും അർഹരായ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ സർക്കാരിൽ നിന്നും അനുവദിപ്പിക്കാനും, മലയോര മേഖലയിലെ വീടുകൾ വൈദ്യുതീകരിക്കാനും ജനപ്രതിനിധി എന്ന നിലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു.

അഭിപ്രായ വിത്യാസങ്ങളെ തുടർന്ന് കോൺഗ്രസ്‌ വിട്ട അദ്ദേഹം പത്ത് വർഷത്തിലധികമായി സി.പി.എമ്മിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു. കർഷക സംഘത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 

വന്യജീവി ആക്രമണങ്ങൾക്കെതിരെയും, മലയോര മേഖലയിലെ കർഷകരുടെ ഭൂനികുതി വിഷയത്തിലും നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കക്കയം അങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള സമരത്തിന്റെ മുൻ നിരയിലും ഇദ്ദേഹം ഉണ്ടായിരുന്നു.

അര നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ കാത്തിരിക്കുന്ന കക്കയം - മുതുകാട് റോഡ് യഥാർഥ്യമാക്കാൻ ഇടപെടലുകൾ നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം മരണപ്പെടുന്നത്. റോഡ് കർമ്മസമിതിയുടെ കൺവീനറായി പ്രവർത്തിച്ച് വരുകയായിരുന്നു. 


"ചിലർ ഇങ്ങനെയാണ്, മരിച്ചാലും ജീവിക്കും ആയിരം മനസ്സുകളിൽ..!"


മറക്കില്ല മരിക്കുവോളം പ്രിയനാം നേതാവിനെ, മറക്കില്ലൊരുനാളും നാടിൻ നന്മ കൊതിച്ചവനെ


ആന്റപ്പൻ ചേട്ടന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... 🌹


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി