പൂമാലകളിൽ ഒതുങ്ങരുത്; പ്രവൃത്തികളാകട്ടെ പ്രണാമം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനമാണ് ഒക്ടോബർ രണ്ടിന് രാജ്യം കൊണ്ടാടാൻ പോകുന്നത്. ഒരു ആയുഷ്കാലം മുഴുവൻ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മൂന്നു പുത്രന്മാരിൽ ഇളയവനായി ഗുജറാത്തിലെ പോർപന്തറിൽ ആണ് അദ്ദേഹത്തിൻ്റെ ജനനം. ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു. പതിമൂന്നാമത്തെ വയസിൽ (1881) പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്‌തൂർബയെ മോഹൻദാസ് വിവാഹം കഴിച്ചു.
1887-ൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ മോഹൻദാസ് പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠനം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബറിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. അഭിഭാഷകനായ മോഹൻദാസ് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്കും തിരിച്ചെത്തി. 1915 ൽ ആയിരുന്നു ഇത്.
ഈ സമയം രാജ്യത്ത് സ്വാതന്ത്ര്യദിന സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. രബീന്ദ്രനാഥ ടാഗോർ അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ഗാന്ധിജി സത്യഗ്രഹം, അഹിംസ തുടങ്ങിയ സമരമാർഗങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു. ഖാദി പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ആവേശം പകർന്നു. ഗാന്ധിജിയുടെ ആഹ്വാനങ്ങൾക്കായി രാജ്യം കാതോർത്തിരുന്നു.
എന്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ മഹാത്മാ ഗാന്ധിയ്ക്ക് പക്ഷെ സ്വതന്ത്ര ഇന്ത്യയിൽ ഒരു വർഷം പോലും തികച്ച് ജീവിക്കാനായില്ല. 1948 ജനുവരി 30 ന് നഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തൻ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Comments
Post a Comment