കൂരാച്ചുണ്ടിൽ നാളെ കരിദിനം
കർഷകന്റെ പറമ്പിൽ വനം വകുപ്പിന്റെ ടൂറിസം കൃഷി വേണ്ട
കൂരാച്ചുണ്ട്: നാളെ ഒക്ടോബർ 17ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം ഫോറെസ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ലേഡീസ് ബാരക്കിന്റെ ഉദ്ഘാടനവും വയലട ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നതായി ഒരു നോട്ടീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഒരിഞ്ചു ഭൂമി പോലും റിസേർവ് ഫോറസ്റ്റ് ഇല്ലാത്ത വയലട ഭാഗത്ത് കർഷകരുടെ കൃഷിഭൂമിയിൽ കയറി ജണ്ടയിട്ടു വനം വകുപ്പ് പിടിച്ചെടുത്ത സ്ഥലത്താണ് ഇപ്പോൾ ഇക്കോ ടൂറിസം നടത്താൻ വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കാൻ സാധ്യമല്ല. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമിയിൽ വനം വകുപ്പ് അതിക്രമിച്ചു കയറി ജണ്ടയിട്ടത് കൊണ്ട് നികുതി അടക്കാൻ കഴിയാത്ത രണ്ട് കർഷകർ ഒരാഴ്ചയോളം കൂരാച്ചുണ്ടിൽ നിരാഹാര സമരം നടത്തിയത് രണ്ടാഴ്ച മുന്നേ ആണ്. ഫോറസ്റ്റ് എന്ന പേരിൽ കർഷകരുടെ സ്ഥലം വനം വകുപ്പ് കൈയേറി ജെണ്ട ഇട്ടതു കൊണ്ട് ഇപ്പോഴും നികുതി അടയ്ക്കാൻ പറ്റാത്ത നൂറുകണക്കിന് കർഷകർ കൂരാച്ചുണ്ട് കാന്തലാട് തുടങ്ങിയ വില്ലേജുകളിൽ ഉണ്ട്.
ഈ രീതിയിൽ വനം വകുപ്പ് കയ്യേറി ജണ്ടയിട്ട സ്ഥലങ്ങളിൽ ഒന്നും ജോയിന്റ് സർവ്വേ പൂർത്തീകരിക്കുകയോ, കേരള അതിരടയാള നിയമപ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കുകയോ അന്തിമ നോട്ടിഫിക്കേഷൻ വരികയോ ചെയ്തിട്ടില്ല. ആയതുകൊണ്ടുതന്നെ അത് വനമാണ് എന്ന വനം വകുപ്പിന്റെ വാദം അംഗീകരിക്കാനുമാവില്ല. അങ്ങനെയുള്ള സ്ഥലത്തു ടിക്കറ്റ് വച്ച് നാട്ടുകാരെ പിഴിയാൻ വനം വകുപ്പിനെ അനുവദിക്കുന്ന പ്രശ്നമില്ല. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഇക്കോ ടൂറിസം സെന്ററുകളിൽ നടത്തിയ റെയ്‌ഡുകളിൽ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതുകൊണ്ട് നാളെ നടക്കാനിരിക്കുന്ന ഇക്കോ ടൂറിസം ഉദ്ഘാടനം ബഹിഷ്കരിച്ചുകൊണ്ടു ആത്മാഭിമാനമുള്ള മുഴുവൻ ജനപ്രതിനിധികളും ജനങ്ങളും ഈ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും നാളെ കൂരാച്ചുണ്ട് പഞ്ചായത്തിൽ കരിദിനമായി ആചരിക്കുകയും ചെയ്യണമെന്ന് കിഫ ആഹ്വനം ചെയ്യുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.

Comments
Post a Comment