കടന്തറ പുഴയും നിഗൂഢതകളൊളിപ്പിച്ച പൂതംകുഴി ഗുഹയും

 



പെരുവണ്ണാമൂഴി: കോഴിക്കോട് ജില്ലയിൽ അധികം അറിയപ്പെടാത്ത, അതിമനോഹരമായ ഒരുപാട് ഇടങ്ങളുള്ള പ്രദേശമാണ് വയനാടൻ മലനിരകളുടെ താഴ് വരയായി വരുന്ന പെരുവണ്ണാമൂഴിയുടെ പരിസര പ്രദേശം. പാറക്കൂട്ടങ്ങളിലൂടെ ശാന്തമായി ഒഴുകിയെത്തുന്ന കടന്തറ പുഴ അതിമനോഹരമായ ദൃശ്യവിരുന്ന് തന്നെയാണ്. ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിന് ഭംഗിയേകി അതിന്റെ അരികിലൂടെ ഒഴുകുന്ന പുഴ ഇക്കോ ടൂറിസം സെന്ററിൽ എത്തുന്നവർക്ക് സന്തോഷം പകരുന്ന കാഴ്ച്‌ചയാണ്. ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിലെ കുളിക്കടവും പുഴയുടെ തീരത്ത് ആണ്.

ഈ മേഖലയിൽ അധികമാർക്കും പരിചയമില്ലാത്ത ഇടമാണ് കാവിലുംപാറയിലെ പൂതംകുഴി ഗുഹ. ഇവിടെ പൂതംകുഴി പുഴ അരകിലോമീറ്റർ ദൂരം ഒഴുകുന്നത് ഗുഹയ്ക്കുള്ളിലൂടെയാണ്. മഴക്കാലമായാൽ കടന്തറ പുഴയും കുറ്റ്യാടി പുഴയും ഒളിപ്പിച്ചുവെക്കുന്ന അപായക്കെണികളെപ്പറ്റി ജാഗ്രതകൂടിയേ തീരൂ. അപ്രതീക്ഷിതമായി വെള്ളംമുയരുന്നതിനുപുറമേ കുറ്റ്യാടി പുഴയിലെ ജാനകിക്കാട്, ചവറംമൂഴി, പറമ്പൽ, മീൻതുള്ളിപ്പാറ ഭാഗത്ത് ജീവനെടുക്കാനിടയുള്ള ഒട്ടേറെ ചതിക്കുഴികളാണുള്ളത്. പുഴയെ അറിയാത്തവർ വെള്ളത്തിലിറങ്ങിയാൽ അപകടഭീഷണിയേറെയാണ്. അതിനാൽ വെള്ളത്തിലിറങ്ങിയുള്ള സാഹസത്തിന് മുതിരരുത്.

പഴശിയുടെ കാലത്തു പടയാളികൾ ഒളിച്ചു താമസിച്ചുവെന്നു വിശ്വസിക്കുന്ന ഈ ഗുഹയിലെ കാഴ്‌ചകൾ ആരെയും അതിശയിപ്പിക്കും. വിസ്‌താരമേറിയ അകത്തളങ്ങളും വലിയ നടുത്തളത്തിനെ വേർതിരിച്ചിട്ടുള്ള ചെറുമുറികളുമൊക്കെ ഗുഹയ്ക്കുള്ളിൽ കാണാം. ആശ്ചര്യമുണർത്തുന്ന ഈ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് പൂതംകുഴി ഗുഹ.

  സാഹസികത ഇഷ്ടമുള്ളവരായാലും ഇവിടെ അത് പ്രകടിപ്പിക്കുന്നത് അത്ര ബുദ്ധിയാണെന്ന് തോന്നുന്നില്ല. അതിനാൽ ഗുഹയ്ക്കുള്ളിലേക്കുള്ള സാഹസിക യാത്ര വേണ്ടെന്നുവെയ്ക്കുക. പാറക്കെട്ടുകൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. മാത്രമല്ല, ചെങ്കുത്തായ പാറയിടുക്കുകളിലൂടെ ഊർന്നിറങ്ങാൻ സാധിക്കുമെങ്കിലും തിരികെ കയറുക പ്രയാസമാകും. അകവശം ഏറെ വിസ്ത‌ാരമേറിയ ഗുഹയ്ക്കുള്ളിൽ ഉഗ്ര വിഷമുള്ള സർപ്പങ്ങളും വവ്വാലുകൾ അടക്കമുള്ള ജീവികളുമുണ്ട്.

നാദാപുരം മുടിയിൽ നിന്നാണ് പൂതംകുഴി പുഴ ഉത്ഭവിക്കുന്നത്. മഴക്കാലങ്ങളിൽ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. വേനൽക്കാലങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്തിച്ചേരാറുണ്ട്. നിഗൂഢവും അതിനൊപ്പം തന്നെ വിസ്‌മയവും ജനിപ്പിക്കുന്ന പൂതംകുഴി ഗുഹ സഞ്ചാരികൾക്കു കൗതുക കാഴ്ചയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി