കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു



കൂരാച്ചുണ്ട് :കെ.എസ്.ഇ.ബിയുടെ പെൻസ്റ്റോക് നിർമാണത്തിനായി ഭൂമി വിട്ട് നൽകിയവർക്ക് സർക്കാർ നഷ്ട്ടപരിഹാരം നൽകിയില്ലെന്ന് പരാതിപ്പെട്ട് വില്ലേജ് ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്തിയവരെ കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ ഇടപെട്ട് അനുനയിപ്പിച്ച് സമരം അവസാനിപ്പിച്ചു.

ഭൂമി ഏറ്റെടുത്ത് 19 വർഷമാവുമ്പോഴും നഷ്ട്ടപരിഹാരം നൽകാൻ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്നാണ് സ്ഥലം വിട്ട് നൽകിയവർ പരാതിപ്പെട്ടിരുന്നത്.


കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കോണിപ്പാറ മേഖലയിലെ 5 കുടുംബങ്ങളുടെ 1.65 ഹെക്ടർ ഭൂമിയാണ് 2005ൽ 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിക്ക്




പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കാനായിട്ടാണ് സർക്കാർ ഏറ്റെടുത്തത്. ലീല കൂവപൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടം, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ് കുറുമുട്ടം എന്നിവരുടെ ഭൂമിയാണ് ഏറ്റെടുത്തത്.


ഭൂമി കെ.എസ്.ഇ.ബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ വനംവകുപ്പ് ഈ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ചതോടെ തർക്കമാവുകയായിരുന്നു.2005 വരെ ഭൂവുടമകൾ നികുതി അടച്ച് വന്നതും ആധാരം ഉൾപ്പടെയുള്ള റവന്യു രേഖകൾ ഉള്ളതുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശം വാദം ഉന്നയിച്ചത്.തുടർന്ന് അന്ന് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന കെ. കുഞ്ഞമദിന്റെ അധ്യക്ഷതയിൽ 2006 ജൂലൈ 11ന് ഭൂവുടമകളുടെയും,വനം-കെ.എസ്.ഇ.ബി വകുപ്പ് അധികൃതരുടെയും യോഗം വിളിച്ച് ചേർക്കുകയും 5 ഭൂവുടമകൾക്കുമായി സ്ഥലത്തിന്റെ വില നൽകാതെ മേൽ ആദായങ്ങൾക്ക് 10.70 ലക്ഷം രൂപ നൽകാനും തീരുമാനമായി.അവകാശ തർക്കം പരിഹരിക്കുമ്പോൾ ഭൂമിയുടെ വില നൽകാമെന്ന് കെ.എസ്.ഇ.ബി ഭൂവുടമകളെ അറിയിച്ചിരുന്നു.


എന്നാൽ പൈപ്പ്ലൈൻ സ്ഥാപിച്ച ഭൂമിയുടെ വിലയായി 19.50 ലക്ഷം രൂപ കെ.എസ്.ഇ.ബി വനംവകുപ്പിനാണ് കൈമാറിയത്. ഭൂമിയുടെ പാട്ടത്തുകയായി മാസം തോറും 32000 രൂപ വീതം നൽകി തുടങ്ങി.തുടർന്ന് ഭൂവുടമകൾ നിരന്തരം നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്ന് 2018ൽ ഭൂമിയുടെ അവകാശവാദം തെറ്റായി സംഭവിച്ചതാണെന്ന് വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.തർക്ക ഭൂമി തങ്ങളുടേതല്ലെന്ന് വനം വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ ഭൂമിയുടെ വിലയായി നൽകിയ 19.50 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നോട്ടീസ് നൽകിയിരുന്നുവെങ്കിലും വനംവകുപ്പ് പ്രതികരിച്ചിട്ടില്ല.ഇതിനു ശേഷവും ഈ ഭൂമിക്ക് കെ.എസ്.ഇ.ബി ലീസ് വാടക തുടർന്ന് പോന്നത് ഭൂവുടമകളുടെ ഇടപെടലിന്റെ ഭാഗമായി 2023ൽ പാട്ടം ഒഴിവാക്കി ഉത്തരവിറക്കി.



ഉത്തരവുകളുടെ പകർപ്പുമായി നികുതി അടയ്ക്കാനെത്തിയ ഭൂവുടമകളോട് പെൻസ്റ്റോക്ക് സ്ഥാപിച്ച മേഖല കെ.എസ്.ഇ.ബിയുടെ കീഴിലാണെന്നും അതിരുകളും സർവേ നമ്പറും വ്യക്തമല്ലെന്നുമുള്ള വിചിത്ര മറുപടിയാണ് റവന്യു വകുപ്പ് അറിയിച്ചത്.മുഖ്യമന്ത്രിയുടെയും കളക്ടറുടെയും അദാലത്തിലും പ്രശ്നപരിഹാരത്തിനായി ഭൂവുടമകൾ പോയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.ഇന്നത്തെ ചർച്ചയിൽ ഭൂമി വിട്ടുനൽകിയവർക്ക് ഭൂമി തിരികെ നൽകാമെന്നും നികുതി സ്വീകരിക്കാമെന്നും ഉറപ്പു നൽകിയതിന്റെ പേരിൽ അനിശ്ചിത കാല നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.


കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്.സുരേഷ്, വില്ലേജ് ഓഫീസർ പി.വി.സുധി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി പുല്ലംകുന്നേൽ, കൂരാച്ചുണ്ട് സബ് ഇൻസ്‌പെക്ടർ എസ്.ആർ.സൂരജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് വെളിയത്ത്, എ.സി.ഗോപി, എൻ.കെ.കുഞ്ഞമ്മദ് എന്നിവർ ചർച്ചയിൽ പങ്കാളികളായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി