പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറുടെ മനോധൈര്യം വൻദുരന്തം ഒഴിവായി
പേരാമ്പ്ര : പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറുടെ മനോധൈര്യം മൂലം ഒഴിവായത് വൻ ദുരന്തം. വിദ്യാർത്ഥികളുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആത്മധൈര്യം വീണ്ടെടുത്ത് ബസ് മതിലിലിടിച്ച് നിൽപ്പിക്കുകയായിരുന്നു.
പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂളിന്റെ ബസാണ് ഇന്നലെ വൈകിട്ട് നിയന്ത്രണം വിട്ടത്. സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് വിദ്യാർത്ഥികളെ കയറ്റി പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് ബസിന്റെ നിയന്ത്രണം വിട്ടത്. സ്കൂളിന്റെ ഗേറ്റ് തകർത്ത് കുത്തനെ ഇറക്കമുള്ള റോഡിലേക്ക് അതിവേഗം നീങ്ങിയ ബസിനെ തന്റെ സൈഡ് കയ്യാലയിൽ ഇടിപ്പിച്ച് ഡൈവർ കരീം നിർത്തുകയായിരുന്നു.
ഈ സമയം റോഡിരികിൽ വിദ്യാർത്ഥികളെ കാത്ത് ഇരുചക്ര വാഹനങ്ങളുമായി രക്ഷിതാക്കളും, റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഇവരെയും തൻ്റെ വാഹനത്തിലുള്ള കുരുന്നുകളെയും രക്ഷിച്ചാണ് കരീം തന്റെ വാഹനം കയ്യാലയിൽ ഇടിച്ചു നിർത്തിയത്. വൻ ശബ്ദം കേട്ടാണ് സമീപവാസികളും സ്ക്കൂൾ അധികൃതരും അപകട വിവരം അറിയുന്നത്.
തൊട്ടു മുന്നലായി വിദ്യാർത്ഥികളെ കയറ്റിയ മറ്റ് ബസുകളുംഉണ്ടായിരുന്നു. കുത്തനെയുള്ള റോഡിൽ ബസ് ഇടിച്ചു നിർത്താനായില്ലെങ്കിൽ വൻ ദുരന്തം ഉണ്ടായേനേ. ഒലീവ് പബ്ലിക് സ്കൂളിന്റെ ആവള ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.
പരുക്കേൽക്കുകയും ഭയന്നുപോവുകയും ചെയ്ത അമിഷ് മർവാൻ,മെഹ്റ ഷഹനാസ്, മുഹമ്മദ് റബാഹ്, റുബ സിറാജ്, അയിഷ ബഹിയ,ഷെൻസ മെഹ്ഫിഷ്, അയിഷ ഫെറിൻ, അൽവിന ഷാദിയ,റിദാൽ, അർഷാൻ മാലിക്, ആസിം സദാൻ, ഹെസ മിൻഹ, റസാൻ നാസർ എന്നിവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment