കോഴിക്കോട് മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തു; നടപടി മരണത്തിൽ ഭാര്യ ഉന്നയിച്ച സംശയത്തെ തുടർന്ന്
കോഴിക്കോട് : വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിന്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിന്റെ നടപടി.
റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച ഒൻപതുമണിയോടുകൂടി സ്വന്തംവീട്ടിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളുംചേർന്ന് ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും വിദഗ്ധചികിത്സയ്ക്കായി എത്തിച്ചു.
എന്നാൽ, ചികിത്സയിലിരിക്കെ ഏഴിന് പുലർച്ചെ രണ്ടിന് മരിച്ചു. നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും അതിനാൽ മരണത്തിൽ സംശയമുണ്ടെന്നും ഭാര്യ എം. സിമീനയുൾപ്പെടെയുള്ള ബന്ധുക്കൾ ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞതോടെയാണ് മറവുചെയ്ത മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചത്.
തിരുവോണവും നബിദിനവും ആഘോഷിക്കാൻവേണ്ടി ഒരു വീട്ടിൽ പോയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആ വീടിനടുത്തുനിന്ന് ഒരു ബന്ധുവാണ് ബൈക്കിൽ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടൻ ഉറങ്ങാൻകിടന്നെന്ന് ഭാര്യ പറഞ്ഞു.എന്നാൽ, ഏറെനേരംകഴിഞ്ഞിട്ടും ഉണരാത്തതിനാൽ സംശയംതോന്നി വിളിച്ചുനോക്കിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഭാര്യ സിമീന പറഞ്ഞു.

Comments
Post a Comment