അമ്മയുടെ മൊബൈലിലേക്ക് വന്ന 'ഭീകരദൃശ്യങ്ങൾ' കണ്ട് പുറത്തേക്കോടി; പുതുവഴി തേടി യുഎഇയിൽ, ഏജന്റിന്റെ ചതി അതിജീവിച്ചിട്ടും 'തീരാനോവ്'
വയനാട് : പ്രവാസ ലോകത്ത്ഉപജീവനം തേടിയെത്തിയ ദിലീപ് ബാബുവിന്റെ ഓർമകളിൽ വയനാട് ചൂരൽമലയിലെ നടുക്കുന്ന ദൃശ്യങ്ങളുണ്ട്. കാതുകളിൽ നിലവിളികൾ ഇതുവരെ നിലച്ചിട്ടില്ല. കൺമുന്നിൽ ഒലിച്ചുപോകുന്ന ജീവിതങ്ങൾ... 2024 ജൂലൈ 30ന് നടന്ന ഉരുൾപൊട്ടലുകളിൽ ഈ 29 വയസ്സുകാരനും വയോധികരായ മാതാപിതാക്കൾക്കും അനുജനും ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയെങ്കിലും പിന്നീടുള്ള അതിജീവനം പ്രയാസകരമായിരുന്നു.
സംഭവം നടന്ന കാലത്ത് ദിലീപ് കെട്ടിടനിർമാണ മേഖലയിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് വീടും മാതാപിതാക്കൾക്ക് ജോലിയും നഷ്ടപ്പെട്ടതോടെ വിഷമവൃത്തത്തിലാകുകയും ഒരു മാസം മുൻപ് യുഎഇയിലേക്ക് ജോലി തേടിയെത്തുകയുമായിരുന്നു. എന്നാൽ ഇതുവരെ എവിടെയും തൊഴിൽ ലഭിക്കാത്തതിനാൽ ഈ യുവാവ് ദുബായിൽ കടുത്ത പ്രതിസന്ധിയിലാണ്.
ചൂരൽമല നീലിക്കാപ്പിൽ ദിലീപിന്റെ ചെറിയ ഓടിട്ട വീട് നിലനിന്നിരുന്ന കുന്നിന്റെ തൊട്ടടുത്ത കുന്നാണ് പൂർണമായും ഒലിച്ചുപോയത്. ദിലീപിന്റെ വീട് വിള്ളൽ വീണ് താമസയോഗ്യമല്ലാതായതോടെ കുടുംബം ചൂരൽമല വിട്ട് മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. അച്‌ഛൻ ബാബു കൂലിപ്പണിക്കാരനാണ്. അമ്മ ക്ലീനിങ്ങിനും പോകുന്നുണ്ടായിരുന്നു. പക്ഷേ, മാസങ്ങളായി ഇരുവർക്കും ജോലിയില്ലാത്ത അവസ്‌ഥയാണ്. വീട് വിള്ളൽ വീണ് അപകടാവസ്‌ഥയിലായതിനാൽ പൊളിച്ചുമാറ്റി. ആദ്യം ദുരിതാശ്വാസ പ്രവർത്തകരിൽ നിന്ന് ഭക്ഷണമൊക്കെ ലഭിക്കുമായിരുന്നെങ്കിലും പിന്നീടത് നിന്നു. അച്ഛന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9000 രൂപ വന്നതാണ് ലഭിച്ച ഏക സാമ്പത്തിക സഹായം. വാടക വീട്ടി ൽപലപ്പോഴും ദുരിതം കയറിയിറങ്ങി.
അമ്മയുടെ മൊബൈലിലേക്ക് വന്ന ഭീകരദൃശ്യങ്ങൾ
ചൂരൽമല ദുരന്തമുണ്ടായ ദിവസം എല്ലാവരും വീട്ടിൽ ഗാഢനിദ്രയിലായിരുന്നു. അമ്മയുടെ മൊബൈൽ ഫോണിലേക്ക് തുരുതുരെ വന്ന വിഡിയോ കണ്ടപ്പോഴാണ് ഇവർ നടുക്കുന്ന ആ സത്യമറിഞ്ഞത്. സംഭവമറിഞ്ഞയുടൻ എല്ലാവരും വീടിന് പുറത്തേക്കോടി. ഇവരുടെ വീട് സ്‌ഥിതി ചെയ്യുന്ന കുന്നിന്റെ ഒരു ഭാഗത്തും മണ്ണിലിടിച്ചിലുണ്ടായിരുന്നു. എല്ലാവരും നിലവിളിച്ചുകൊണ്ട് സംഭവ സ്‌ഥലത്തേക്ക് ഓടി. കുന്നിൽ നിന്ന് ഉരുണ്ട് വീണ് നടുവും കാലും വേദനിച്ചെങ്കിലും ദിലീപും അനുജനും നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കുറേ ദിവസം ദിലീപിന് ജോലിയില്ലാതായതോടെ ആകെ വലഞ്ഞു. അങ്ങനെയാണ് അമ്മയുടെ കാതിലെ സ്വർണം വിറ്റ പണം കൊണ്ട് സന്ദർശക വീസയിൽ യുഎഇയിലെത്തിയത്.
പ്ലസ് ടു വരെ പഠിച്ചിട്ടുള്ള ദിലീപ് ഇവിടെയുള്ള പരിചയക്കാരുടെ കൂടെ കഴിഞ്ഞ് ഇപ്പോൾ ജോലി അന്വേഷിച്ച് വരികയാണ്.ഇതിനിടെ ഷാർജയിലെ ഒരു ഏജന്റ് ജോലി നൽകാമെന്ന് പറഞ്ഞ് 500 ദിർഹവും പാസ്പോർട്ടും കൈക്കലാക്കി. എന്നാൽ ചിലർ ഇടപെട്ട് പാസ്പോർട്ട് പിന്നീട് തിരിച്ചുവാങ്ങി. ചെറുപ്രായത്തിൽ തന്നെ ഒരുപാട് ദുരിതങ്ങളനുഭവിച്ച ദിലീപിന് ആരെങ്കിലും ഒരു ജോലി നൽകിയാൽ വയോധികരായ അച്ഛനുമമ്മയുൾപ്പെടുന്ന കുടുംബം രക്ഷപ്പെടും.

Comments
Post a Comment