ഭക്ഷണം തികഞ്ഞില്ല, ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിനൽകി; ഷവർമ കഴിച്ച പതിനാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
കാസർഗോഡ്: കാസർഗോഡ് പതിനാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ ബോംബെ ഹോട്ടലിൽനിന്ന് വാങ്ങിയ ഷവർമ കഴിച്ചാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുൾഫ (13), ഖദീജത്ത് സൽഫ (14), ഖദീജത്ത് സൽസാത്ത് (14), റിൻസാ ഫാത്തിമ (14), ആയിഷത്ത് ഷിഫാന (13), ആയിഷ ബഹ്റ (13), സഫാ ഫാത്തിമ (14), നിഫാ ഫാത്തിമ (13), ഫിദാ ഫാത്തിമ (14), സാറാ സഹ്ന (14), മുഹമ്മദ് റിസ്വാൻ (8) എന്നിവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാത്രി 11-ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ നാലുപേർ ചൊവ്വാഴ്‌ച രാവിലെയും 10 പേർ ഉച്ചതിരിഞ്ഞും ആശുപത്രി വിട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിനാഘോഷത്തിൽ വൊളന്റിയർമാരായിരുന്നു കുട്ടികൾ. കുട്ടികൾക്ക് സംഘാടകർ ലഘുഭക്ഷണം ഏർപ്പെടുത്തിയിരുന്നു. വിളമ്പിക്കഴിഞ്ഞപ്പോൾ ഭക്ഷണം തികഞ്ഞില്ല. തുടർന്ന് സംഘാടകർ വേദിയുടെ തൊട്ടടുത്തുള്ള ബോംബെ ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിനൽകുകയായിരുന്നു. കഴിച്ച് അരമണിക്കൂറിനുള്ളിൽ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. ഉടൻ തന്നെ സംഘാടകർ എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്ന തുടർന്ന് ബേക്കൽ പോലീസിനെയും പള്ളിക്കര പഞ്ചായത്ത് പള്ളിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

Comments
Post a Comment