കളിക്കാൻ കാടുവെട്ടിത്തരൂവെന്ന് പഞ്ചായത്തിനോട് കുട്ടികൾ, കിടിലൻ ടർഫ് നിർമിച്ച് പഞ്ചായത്ത്

 


കാടുപിടിച്ചു കിടന്നൊരു മൈതാനം, കുട്ടിക്കൂട്ടത്തിൻ്റെ പന്ത് കളിയിൽ തകരുന്ന അയൽപക്കത്തെ ലൈബ്രറി ചില്ലുകൾ. പരാതിയും പരിഭവങ്ങളും പഞ്ചായത്തിന് മുന്നിലെത്തിയപ്പോൾ മാസങ്ങൾക്കുള്ളിൽ പിറന്നത് ഒന്നാന്തരമൊരു ടർഫ്. അരിയും പച്ചക്കറികളും മുളകുപൊടിയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിച്ച അരുവാപ്പുലത്ത് നിന്നും ഇതാ വീണ്ടുമൊരു വിജയകഥ. പഞ്ചായത്തിലെ കുട്ടികളുടെ കായിക സ്വപ്‌നങ്ങൾക്ക് ചിറക് നൽകിക്കൊണ്ട് പണികഴിപ്പിച്ച ടർഫിന്റെ ഉദ്ഘാടനം നടത്തി പഞ്ചായത്ത് നാടിന് സമർപ്പിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ അരുവാപ്പുലത്തിന്റെ ടർഫ് കഥ ലോകവുമറിഞ്ഞു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനായി വർഷങ്ങൾക്കുമുമ്പേ അരുവാപ്പുലം പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലമുണ്ട്. കാലങ്ങളായി കാടുപിടിച്ചുകിടന്ന പഞ്ചായത്ത് ഗ്രൗണ്ടിന്റെ ഒരുവശമാണ് കുട്ടികൾ താൽക്കാലികമായി വൃത്തിയാക്കി കളിക്കാൻ ഉപയോഗിച്ചിരുന്നത്. മൈതാനത്തെ മുഴുവൻ ഭാഗത്തേയും കാട് വെട്ടിത്തരണമെന്നാവശ്യപ്പെട്ട നിരവധി തവണ കുട്ടികൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കുട്ടികളുടെ പരാതി പരിഗണിച്ച് കാട് വെട്ടിത്തളിച്ചാലും പെട്ടന്ന് തന്നെ അത് വീണ്ടും വളർന്ന് പഴയതിലേറെ കാടുമൂടുകയും ചെയ്യും. ഇതേ കളി ഗ്രൗണ്ടിന് സമീപത്ത് തന്നെ ഒരു ലൈബ്രറിയും ആയുർവേദ ആശുപത്രിയും പ്രവർത്തിച്ചിരുന്നു. ക്രിക്കറ്റ് കളിക്കിടെ ബോൾ അടിച്ച് ഈ കെട്ടിടങ്ങളുടെ ജനൽ തകരുന്നത് സ്ഥിരം തലവേദനയായി. 

കുട്ടികളുടെ ആവലാതിയും ലൈബ്രറി അധികൃതരുടെ പരാതികളുമെല്ലാം പതിവായതോടെ കുട്ടികൾ തന്നെയാണ് ടർഫ് എന്നൊരു നിർദേശം മുന്നോട്ടുവെച്ചത്. അത് നല്ലൊരു ആശയമാണെന്ന് പഞ്ചായത്തിനും തോന്നിയതോടെയാണ് കാടുപിടിച്ച ഗ്രൗണ്ടിൽ ടർഫ് എന്ന സ്വപ്‌നം പൂർത്തിയായത്.

'പഞ്ചായത്തിനുള്ള ഫണ്ടിൽ നിന്നൊരു ടർഫ് എന്ന ആശയത്തിന് തുടക്കത്തിലേ എതിർപ്പുകൾ നേരിടേണ്ടി വന്നു. പഞ്ചായത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് ഫണ്ട് വെറുമൊരു ടർഫിന് വേണ്ടി മുടക്കാൻ പറ്റില്ലെന്നായിരുന്നു ആദ്യം വന്ന വിയോജിപ്പ്. എല്ലാവരേയും പറഞ്ഞ് ബോധ്യപ്പെടുത്താൻ കുറേ ശ്രമിച്ചു. കൂടെ നിർമാണവും ആരംഭിച്ചു. എങ്കിലും വിമർശനങ്ങൾ ഒരുഭാഗത്തുതന്നെയുണ്ടായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ അഴിമതി ആരോപണവും ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു. നിർമാണം തുടങ്ങുന്നതിന് മുൻപേ പ്രതിപക്ഷത്തിന്റെ അഴിമതി കേൾക്കേണ്ടി വന്ന അവസ്ഥയായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. അതിന്റെ പേരിൽ പ്രതിപക്ഷം പരാതിയുമായി മുന്നോട്ടുപോയി, ഓംബുഡ്‌സ്‌മാൻ ഹിയറിങ്ങിന് വിളിപ്പിച്ചതോടെയാണ് ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമായത്. പക്ഷേ, പ്രതിപക്ഷം അതുകൊണ്ടും നിർത്തിയില്ല, അവർ ഹൈക്കോടതിയെ സമീപിച്ചു. എങ്കിലും വിധി ഞങ്ങൾക്കനുകൂലമായി. ഇങ്ങനെ ആദ്യവസാനം പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്കിടയിലാണ് ടർഫിന്റെ പണി പൂർത്തീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഷ്‌മ മറിയം റോയി വ്യക്തമാക്കി. പകൽ കുട്ടികൾക്ക് സൗജന്യമായി നൽകി രാത്രി പുറത്തുള്ളവർക്ക് യൂസർ ഫീസ് വാങ്ങി വാടകയ്ക്ക് കൊടുക്കാമെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അതും വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി