പ്രണയ നൈരാശ്യത്തെ തുടർന്ന് വടകര റെയിൽപാളത്തിൽ ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; ജീവിതത്തിലേക്ക് തിരികെ കയറ്റി വടകര പൊലീസ്
വടകര: പ്രണയ നൈരാശ്യത്തെ തുടർന്ന് റെയിൽപാളത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് പുതുജീവനായി വടകര പൊലീസിന്റെ ചടുലമായ ഇടപെടൽ. ഇന്നലെ രാത്രി എട്ട് മണിയോടെ പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം. ആവിക്കൽ സ്വദേശിയായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്.
പട്രോളിങ്ങിനിടെ ഒരാൾ തന്റെ സുഹൃത്ത് ആത്മഹത്യാ ഭീഷണി മുഴക്കി റെയിൽപാളത്തിലൂടെ ഓടിയെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മൂരാട് ഭാഗത്തുനിന്നാണ് ഓടിയതെന്നാണ് പറഞ്ഞത്. തുടർന്ന് പൊലീസ് ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിൻ്റെ ലൊക്കേഷൻ കണ്ടെത്തി. മൂരാട് പുഴയ്ക്ക് സമീപത്തായാണ് ലൊക്കേഷൻ കാണിച്ചത്. ഇവിടുത്തെ വഴികൾ പരിചയമില്ലാത്തതിനാൽ പൊലീസ് നാട്ടുകാരുടെ കൂടി സഹായം തേടി. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവ് റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതായി കണ്ടു. പൊലീസ് ഇയാളെ പിടികൂടുകയും സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു.
വടകര സി.ഐ മുരളീധരൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ സജീവനും സി.പി.ഒമാരായ റിനീഷ് കൃഷ്ണയും സുമേഷുമാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിന് കൗൺസിലിങ്ങിന് വിധേയനാക്കാൻ ബന്ധുക്കളോട് നിർദേശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Comments
Post a Comment