ഓരോ ഒത്തുചേരലുകളും ഒരു മൂല്യമുള്ള സമ്പത്താണ്.. അമൂല്യമായ ഒരു നിധി...... പ്രവാസികളുടെ ഒത്തുകൂടൽ..... അത്തരമൊരു ഒത്തുകൂടലുമായി കൂരാച്ചുണ്ട് - കുവൈറ്റ് കൂട്ടായ്മ
കൂരാച്ചുണ്ട് - കുവൈറ്റ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൂരാച്ചുണ്ടുകാരായ നിരവധി ആളുകൾ ഫാമിലിയായും, അല്ലാതെയും പരിപാടിയിൽ പങ്കാളികളായി.
കോവിഡ് കാലത്തിന് മുൻ വർഷങ്ങളിൽ ആണ്ടിലൊരിക്കൽ സജീവമായി കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. പിന്നീട് വിവിധ കാരണങ്ങളാൽ കൂട്ടായ്മ നീണ്ടു പോകുവായിരുന്നു.
അലി പുതുശ്ശേരി സ്വാഗതം ചെയ്തു . ഇസ്മായിൽ പുളിക്കൊറ്റുമീത്തൽ അധ്യക്ഷത വഹിച്ചു , ബിബിൻ അറക്കൽ പ്രോഗ്രാം കൺട്രോളറായി, ഹാരിസ് പുതുപ്പറമ്പിൽ നന്ദി പറഞ്ഞു. അസീസ്, പ്രജീഷ്, റഫിക്, ഡോൺ കുംമ്പുക്കൽ , ബബി മൈലാടൂർ, മുബാറക്, ഷാഫി, ഹാഷിം , ടിൻസ്..... തുടങ്ങിയവർ ആശംസകൾ നേർന്നു
പ്രവാസത്തിലെ കൂട്ടായ്മകളുടെ ഊഷ്മളത ഒന്ന് വേറെ തന്നെയാണ്. നാട്ടിലുള്ളതിനേക്കാൾ സൗഹൃദത്തിന്റെ ആഴം ശരിക്കും അനുഭവിക്കാൻ കഴിയുന്നത് പ്രവാസികളുടെ ഇടയിലാണ്. കൂട്ടായ്മകൾ, വിവിധ സംഘടനകൾ, കുടുംബ സുഹൃത്തുക്കളുമായുള്ള ഒത്തുകൂടൽ എല്ലാം തന്നെ എടുത്തു പറയാവുന്നതാണ്. ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ ഉത്തരവാദിത്തങ്ങളും കുടിയാവുമ്പോൾ കൂട്ടായ്മകളുടെ മൂല്യം അർത്ഥവത്താവുകയാണ്. ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസ ജീവിതം നയിക്കേണ്ടി വരുമ്പോൾ ഒരുപാടു പേരെ പരിചയപ്പെടുന്നു. അവരിൽ ചിലരുമായി മാത്രം സൗഹൃദം സൃഷ്ടിച്ചെടുക്കാൻ കഴിയുന്നു. അതിൽ വളരെ കുറച്ചു പേരുമായി മാത്രമേ എന്നെന്നും സൂക്ഷിക്കുന്ന കൂട്ടായ്മകൾ നിലനിർത്താൻ കഴിയുന്നുള്ളൂ.
പ്രവാസത്തിൽ കൂട്ടായ്മകൾ അനിവാര്യമാണ്. നാടും വീടും കുടുംബവും വിട്ട് ഉപജീവനത്തിനായി പോരാടുമ്പോൾ യാന്ത്രികമായ ജീവിതം ഉല്ലാസപൂർണമാക്കുന്നതും ഉൻമേഷ ഭരിതമാക്കുന്നതും കൂട്ടായ്മകൾ തന്നെ. അസുഖവും ആപത്തും അടുത്തെത്തുമ്പോൾ സാന്ത്വനമേകാനും സഹായഹസ്തം നീട്ടാനും പ്രവാസത്തിൽ കൂട്ടായ്മകളിലൂടെ ബന്ധങ്ങൾക്കാവും. ചിലപ്പോൾ നാട്ടിലെ ബന്ധങ്ങളേക്കാൾ ആഴവും ദൃഢവുമായിത്തീരുന്നു പ്രവാസത്തിലെ സൗഹൃദ കൂട്ടായ്മകൾ. യന്ത്രവൽകൃത ലോകത്ത് യാന്ത്രികമായി ജീവിതം നയിക്കുന്നവരാണ് പ്രവാസികളിലേറെയും.
സൗഹൃദ കൂട്ടായ്മകൾ സുഗന്ധം പരത്തുന്ന പൂക്കൾ പോലെയാണ്. കൊഴിഞ്ഞു വീണാലും അതിൻ്റെ സുഗന്ധം അവിടെ തന്നെയുണ്ടാവും.വെൺമയുള്ള സൗഹൃദങ്ങൾക്ക് അതിന്റെ തനതായ വെൺമ ഒട്ടും തന്നെ കുറയാതെ നിലനിർത്തിക്കൊണ്ട് തുടരാൻ കഴിയട്ടെ 'കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് കൊടുത്തു പോകാം സ്നേഹവും സൗഹൃദവും '
ആഘോഷ പരിപാടികൾ രാത്രിവരെ നീണ്ടു നിന്നു. കുട്ടികളുടെയും, മുതിർന്നവരുടെയും നേതൃത്വത്തിൽ അരങ്ങേറിയ കലാ, കായിക വിരുന്നുകൾ പരിപാടികൾക്ക് മാറ്റ് കൂട്ടിരുചിയൂറും ഓണസദ്യയും ഒരുക്കി. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലൻ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. നാടൻപാട്ടുകളും വിവിധ തരം കലാപരിപാടികളും എല്ലാവരും നന്നേ ആസ്വദിച്ചു.
കൊട്ടിക്കലാശത്തിൽ പ്രായഭേദമന്യേ എല്ലാരും ഓണ പൂവിളിയുമായി നൃത്തമാടി. ഗൃഹാതുരത്വം വിളിച്ചോതിയ ഈ ഒത്തുകൂടൽ വഴി പുതു സൗഹൃദങ്ങൾ സ്ഥാപിക്കാനും ഒത്തൊരുമ എന്ന സന്ദേശം പകരാനും ഇടയായി. അങ്ങനെ ആടിയും, പാടിയും, സൗഹൃദങ്ങൾ പങ്കുവെച്ചും കൈ കൊടുത്തും, കെട്ടിപിടിച്ചും യാത്രപറയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. സദ്യക്കു വിളമ്പിയ ശർക്കര പായസത്തേക്കാളും മധുരമുള്ള ഓർമ്മകളുമായി മലയാളികൾ പിരിഞ്ഞു, അടുത്ത് തന്നെ ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ.






Comments
Post a Comment