23 വർഷം പള്ളിയെ പൊന്നുപോലെ കാത്തയാളല്ലേ... സുരക്ഷാജീവനക്കാരനായ അജികുമാർ കുറുപ്പിൻ്റെ പൊതുദർശനം പള്ളിക്കുള്ളിൽ ഇടവകയുടെ ആദരം
പത്തനംതിട്ട: 23 വർഷം പള്ളിയെ പൊന്നുപോലെ കാത്തയാളെ കൈവിടാൻ ഇടവകാംഗങ്ങൾക്ക് ആകുമോ... കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രക്കാനം ഇടയാടിയിൽ അജികുമാർ കുറുപ്പിന് (59) അന്ത്യാഞ്ജലി ഒരുക്കിയത് പള്ളിക്കുള്ളിൽത്തന്നെ.
ഞായറാഴ്ച വൈകീട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽവെച്ച് അജികുമാർ മരിച്ചത്. രാവിലെ പള്ളിയിൽപോയി ആരാധനയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌തശേഷമായിരുന്നു അജികുമാർ വീട്ടിലേക്ക് മടങ്ങിയത്.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച സംസ്ക്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പള്ളിയിൽ പൊതുദർശനത്തിനുവെക്കാൻ ഇടവക വികാരിയും ഭരണസമിതിയും തീരുമാനിച്ചു. അജികുമാറിൻ്റെ കുടുംബവും സമ്മതം അറിയിച്ചു. അങ്ങനെ, രാവിലെ ഒൻപത് മുതൽ 10 വരെ വൈദികരും ഇടവകാംഗങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
മരണവിവരം അറിഞ്ഞ വികാരി റവ. ഏബ്രഹാം തോമസും സെക്രട്ടറി ഷിബു കെ. ജോണും ട്രസ്റ്റി ഉമ്മൻ വർഗീസും ബിനു പരപ്പുഴയും മറ്റ് ഭാരവാഹികളും ചേർന്ന് അജിക്ക് ആദരം നൽകണമെന്നു തീരുമാനിക്കുകയും അതിനുള്ള സൗകര്യം പള്ളിക്കുള്ളിൽ ഒരുക്കുകയുമായിരുന്നു. ക്രിസ്തുമത വിശ്വാസി അല്ലാത്ത ഒരാളെ പള്ളിയ്ക്കുള്ളിൽ പ്രവേശിപ്പിച്ച് അന്ത്യാഞ്ജലി അർപ്പിക്കുന്നത് പള്ളിയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ്.
പള്ളി യിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെ സംസ്ക്‌കാരത്തിലും വൈദികരും ഇടവകാംഗങ്ങളും പങ്കെടുത്തു.
ഇടവകാംഗത്തെ പോലെ വിശ്വസ്തത പുലർത്തുന്ന വ്യക്തിയായിരുന്നു അജികുമാരെന്ന് ഇടവക അനുസ്‌മരിച്ചു. സുജയാണ് അജികുമാറിൻ്റെ ഭാര്യ. മക്കൾ: ജിതിൻ, വിഷ്ണു, ആര്യ.

Comments
Post a Comment