കരിപ്പൂരിൽ വിമാനമിറങ്ങിയ 'ഗഫൂർക്ക' ഞെട്ടി; KSRTC ബസിൽ സ്വീകരിക്കാനെത്തി നാട്ടുകാർ; വൻ വരവേൽപ്പ്






 കരിപ്പൂർ: കരിപ്പൂരിൽ വിമാനമിറങ്ങിയ 'ഗഫൂർക്ക'യെ നാട്ടുകാർ ശരിക്കും ഞെട്ടിച്ചു! നാടിൻ്റെ ചങ്കായ അദ്ദേഹത്തെ പൂമാലയും പൂച്ചെണ്ടും നൽകി സ്വീകരിച്ച് അവർ ഒരുക്കിയത് ഒരു സർപ്രൈസ് വരവേൽപ്പ്! വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസ്സിൽ പ്രിയപ്പെട്ടവരും ബന്ധുക്കളുമടങ്ങിയ വലിയൊരുസംഘം നിൽപ്പുണ്ടായിരുന്നു. അവർ ആർപ്പുവിളികളോടെ അദ്ദേഹത്തെ ബസ്സിൽ കയറ്റിയിരുത്തി. പിന്നെ ജന്മനാടായ മാറാക്കരയിലെ മരുതൻചിറയിലേക്ക്.

അവിടെയെത്തുമ്പോൾ മൈക്ക് അനൗൺസ്മെൻ്റ് ഉയർന്നു: 'മ്മളെ ചങ്ക് ഗഫൂർക്ക ദാ ഈ വാഹനത്തിൽ...' അതിനൊപ്പം മാലപ്പടക്കത്തിന് തിരികൊളുത്തി നാടിൻ്റെ ആഹ്ലാദം.

51 വർഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65-കാരനായ ഗഫൂർ തയ്യിലിന് മരുതിൻചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേർന്നാണ് വരവേൽപ്പൊരുക്കിയത്. വരവേൽപ്പ് വ്യത്യസ്‌തമാക്കാനാണ് പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ബസ് വാടകയ്ക്കെടുത്തത്. രാവിലെ 10-ന് ദുബായിയിൽനിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽനിന്ന് ഇറങ്ങുംവരെ ഗഫൂർ തനിക്ക് സ്വീകരണം ഒരുക്കിയത് അറിഞ്ഞിരുന്നില്ല.



ഗഫൂറിനെ നാട് ഇങ്ങനെ നെഞ്ചിലേറ്റാൻ കാരണം എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസ്സുതന്നെ. ജന്മനാടായ മരുതിൻചിറയിൽനിന്ന് ഗൾഫിലെത്തിയവരിൽ ഭൂരിപക്ഷവും ഗഫൂറിന്റെ സഹായത്തിൽ എത്തിയവരാണ്. ജോലി ആവശ്യാർഥംതന്നെ സമീപിച്ചവരെയെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ഗൾഫിലേക്ക് കൊണ്ടുപോയ ഗഫൂർക്കയെ അവർ എങ്ങനെ മറക്കും.


'എനിക്ക് ചങ്കുപറിച്ചുതന്ന നാട്ടുകാർക്ക് താങ്ക്സ്, വലിയ സന്തോഷം! സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾചെയ്‌ത് ഇനിയും മുന്നോട്ടുപോകണം. അതിന് പടച്ചോന്റെ കൃപ ഉണ്ടാവട്ടെ', ഇതായിരുന്നു നാട്ടുകാരുടെ സ്നേഹത്തിന് ഗഫൂറിൻ്റെ മറുപടി.


തയ്യിൽ ഖാദർഹാജി-ബിരിയാമു ദമ്പതിമാരുടെ അഞ്ചുമക്കളിൽ മൂത്തയാളാണ് ഗഫൂർ. സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗഫൂർ 13-ാംവയസ്സിൽ പിതാവിനൊപ്പം ഗൾഫിൽ പോയതാണ്. ആദ്യം അജ്‌മാൻ സൂപ്പർമാർക്കറ്റിൽ. പിന്നീട് ഹോട്ടൽജോലി. ഇപ്പോൾ പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ജുമൈറ ഗ്രൂപ്പിൽ പിആർ മാനേജരായി 28 വർഷം പൂർത്തിയാക്കിയിരുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് കുടുംബം.



മരുതിൻചിറയിലെ സ്വീകരണയോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ് ഉമറലി കരേക്കാട് ഉദ്ഘാടനംചെയ്‌തു. വാർഡംഗം മുബഷീറ അമീർ അധ്യക്ഷയായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി