ഒന്നരവയസ്സുകാരന് തുണയായി ബസ് ജീവനക്കാർ
വടകര: അബോധാവസ്ഥയിലായ കൈക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസായി സ്വകാര്യ ബസ്. കൊയിലാണ്ടി- വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന സാരംഗ് ബസാണ് ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിൻ്റെ ജീവനുവേണ്ടി ഓടിയത്. ബസ് ജീവനക്കാരായ സി.വി.രൂപേഷ്, സാരംഗ്, സുബിൻ എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലെ ഒന്നര വയസുകാരന് പുതുജീവനായത്.
ഇന്നലെ പതിനൊന്നുമണിയോടെ അരവിന്ദ് ഘോഷ് റോഡിൽ കരഞ്ഞുകൊണ്ട് ഒരു പുരുഷൻ മുമ്പിൽ കണ്ട എല്ലാ വാഹനങ്ങൾക്കുനേരെയും കൈകാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹത്തിന് മുന്നിൽ ബസ് നിർത്തുകയായിരുന്നെന്ന് രൂപേഷ് പറഞ്ഞു.
ഉടനെ തൊട്ടടുത്ത വീട്ടിൽ
കൈക്കുഞ്ഞുമായി ഒരു സ്ത്രീ കൂടി ഓടിവന്ന് ഇരുവരും ബസിൽ
കയറുകയായിരുന്നു. കുഞ്ഞിന് ബോധമില്ലെന്ന് പറഞ്ഞ് അവർ കരയുകയായിരുന്നു.
പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. ബസ് മറ്റൊരിടത്തും നിർത്താതെ ആംബുലൻസെന്ന പോലെ വടകര സഹകരണ ആശുപത്രിവരെ കുതിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ സർവ്വീസ് തുടരുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ഒരു പരാതിയുമില്ലാതെ ഞങ്ങളോട് സഹകരിച്ചെന്നും രൂപേഷ് പറഞ്ഞു.
ആശുപത്രിയിൽ കുഞ്ഞിന് ഉടൻ തന്നെ അടിയന്തര പരിചരണം ലഭിച്ചതായി അറിയാൻ കഴിഞ്ഞു. കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നതായാണ് ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും രൂപേഷ് വ്യക്തമാക്കി. നേരത്തെ ഏഴ് വർഷത്തോളം രൂപേഷ് ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ പരിചയ സമ്പത്തുകൂടി അടിയന്തര സാഹചര്യത്തിൽ ഉപകാരപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Comments
Post a Comment