ഒടുവിൽ അവർ അറിഞ്ഞു, ഇനി അമ്മയില്ലെന്ന്
പശുക്കടവ് : ബോബിയുടെ മൃതദേഹം രാത്രിതന്നെ കിട്ടിയിട്ടും മക്കൾ അറിഞ്ഞിരുന്നില്ല, അമ്മ തങ്ങളെ വിട്ടുപോയെന്ന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും പ്രശ്‌നമില്ലെന്നുമാണ് മക്കളായ ഷിബിനിനോടും ഒൻപതാംക്ലാസുകാരി എയ്ഞ്ചലിനോടും പറഞ്ഞത്. ശനിയാഴ്ച ഉച്ചവരെ ഇവർ മരണവിവരം അറിഞ്ഞില്ല.
ബെംഗളൂരുവിൽ നഴ്‌സിങ്ങിനുപഠിക്കുന്ന മൂത്തമകൾ ഷിജിനയെ സഹപാഠികൾ വഴി വിവരമറിയിച്ചിരുന്നു. അവൾ ഉടൻതന്നെ കൂട്ടുകാർക്കൊപ്പം നാട്ടിലേക്കുപുറപ്പെട്ടു. ശനിയാഴ്ച വൈകീട്ടോടെയാണ് ഷിജിന നാട്ടിലെത്തിയത്. അപ്പോഴേക്കും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാരിഷ് ഹാളിൽ എത്തിച്ചിരുന്നു. അമ്മയുടെ മൃതദേഹം കാണാനെത്തിയപ്പോൾ മൂന്നുമക്കളും വിങ്ങിപ്പൊട്ടി. സ്കൂൾവിട്ട് വീട്ടിലെത്തിയ കുട്ടികൾ പറഞ്ഞാണ് ബോബിയെ കാണാനില്ലെന്ന വിവരം നാട്ടുകാർ അറിയുന്നത്.
ഏഴുമണിയോടെ പശുക്കടവ് അങ്ങാടിയിലും വിവരമെത്തി. ഇതിനുശേഷമാണ് തിരച്ചിൽ ശക്തമായത്.
ബോബിയുടെ ഭർത്താവ് ഷിജു ജോലിസ്ഥലമായ ആലക്കോടാണുണ്ടായിരുന്നത്. രാത്രിതന്നെ ഷിജു പശുക്കടവിലേക്കുതിരിച്ചു. ബോബിയുടെ മൃതദേഹം കിട്ടിയ ശേഷമാണ് ഷിജു എത്തിയത്.

Comments
Post a Comment