പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം – ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം
പേരാമ്പ്ര: സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര–കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂലൈ 19-ന് വൈകീട്ട് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം നടന്ന അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദ് (19) മരിച്ചത്. പേരാമ്പ്ര ഭാഗത്തേക്ക് പോയുകൊണ്ടിരുന്ന ബസാണ് ജവാദ് ഓടിച്ച സ്‌കൂട്ടറിനെ ഇടിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ ലൈസന്‍സും മുമ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

Comments
Post a Comment