കേരള തീരങ്ങളിൽ മീൻ പെയ്ത്ത് മത്തിയും കിളിമീനും അയലയും പച്ചക്കറിയുടെ വിലയിൽ
മത്തി കിലോ 80, ഇടത്തരം അയല 100, കിളിമീൻ100, നാരൻ ചെമ്മീൻ 120 എന്നിങ്ങനെ മലയാളികളുടെ ഇടത്തരം ഇഷ്ടമത്സ്യങ്ങളുടെ വില ദിനം പ്രതി കുറയുകയാണ്. ട്രോളിംഗ് നിരോധനം പിൻവലിച്ചതും, കയറ്റുമതിയിൽ വന്ന കുറവും, അനുകൂല കാലാവസ്ഥയിൽ കൂടിയ മത്സ്യ ലഭ്യതയുമാണ് പച്ചക്കറിയേക്കാൾ വിലക്കുറവിൽ മീൻ കിട്ടുന്ന അവസ്ഥക്ക് കാരണമായി വന്നത്. 400 രൂപ വരെ ഉയർന്ന മത്തിയുടെ വിലയാണ് ഒരു മാസത്തിനിടയിൽ 100 ന് താഴെ എത്തിനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും വില്പനയിൽ ഇടിവ് നേരിട്ട ഇറച്ചിക്കോഴിയും വില കുറഞ്ഞ് 100 രൂപയോളം ആയിട്ടുണ്ട്.
സാധാരണ മത്സ്യങ്ങളുടെ വിലക്കുറവ് വിപണിയിലെ സൂപ്പർ സ്റ്റാറുകളെയും ബാധിച്ചിട്ടുണ്ട്. 1400 രൂപ വിലയുണ്ടായിരുന്ന അയക്കൂറയ്ക്ക് (നെയ്മീൻ) ഇപ്പോള്‍ 650 ആണ് വില. 650ല്‍ നിന്ന് ആവോലിയുടെ വില 300 ആയി കുറഞ്ഞു. നാരൻ ചെമ്മീന്‍ വില 250ല്‍ നിന്ന് 120, വലിയ ചെമ്മീൻ 600ൽ നിന്നും 250, സ്രാവിന് 600ല്‍ നിന്ന് 350 എന്നിങ്ങനെയാണ് വില കുറഞ്ഞത്. നങ്ക് (250 രൂപ) വേളൂരി (100 രൂപ) എന്നിവയുടെ വിലയിൽ വലിയ മാറ്റം വന്നിട്ടില്ല. വരും ദിവസങ്ങളിലും വിലക്കുറവ് തുടരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഹാർബർ ഹോൾസെയിൽ വിപണിയിൽ നാമ മാത്രമായ വിലയിലാണ് കച്ചവടക്കാരും നാട്ടുകാരും മത്സ്യം ലേലം കൊള്ളുന്നത്. 40 കിലോഗ്രാം മത്സ്യം കൊള്ളുന്ന ഒരു ട്രേ മത്സ്യം 1000 രൂപയിലൊക്കെ ആണ് കച്ചവടമാക്കുന്നത്. മിക്കവാറും കടപ്പുറ ചന്തകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

Comments
Post a Comment