'മോനേ അതിലേക്കൊന്നും പോകരുത്'; സച്ചിനെ അമ്മ ഉപദേശിച്ചു; പിറ്റേന്ന് വിഷമദ്യ ദുരന്തത്തിന്റെ ഇര
കണ്ണൂർ: കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ച മലയാളിയായ സച്ചിൻ മരണത്തിന് തലേദിവസം വിഷമദ്യത്തെ പറ്റി അമ്മയോട് സംസാരിച്ചിരുന്നതായി ബന്ധു. അരമണിക്കൂറോളം വീട്ടുകാരുമായി സംസാരിച്ചിരുന്നെന്നും തൊട്ടടുത്ത ദിവസം ഈ വാർത്ത വന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അമ്മാവൻ നാരായണൻ പറഞ്ഞു. കണ്ണൂർ ഇരിണാവ് സ്വദേശിയാണ് മരിച്ച 31 കാരനായ സച്ചിൻ.
സച്ചിൻ ബുധനാഴ്‌ച വൈകിട്ടും അമ്മയെ ഫോണിൽ വിളിച്ചിരുന്നു. വിഷ മദ്യ ദുരന്തത്തെക്കുറിച്ച് കേട്ടതായി അമ്മ സച്ചിനോട് പറഞ്ഞു. അതിലേക്കൊന്നും പോകരുതെന്ന് സച്ചിനോട് അമ്മ പറഞ്ഞു. എന്നിട്ടും മദ്യപിച്ചു എന്നാണ് സംശയം' എന്നും നാരായണൻ പറഞ്ഞു.
കുവൈത്തിൽ ഹോട്ടലിൽ ക്യാഷ്യറായി ജോലി ചെയ്യുകയായിരുന്ന സച്ചിൻ അഞ്ച് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്.
ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. ആറു വർഷം മുൻപാണ് സച്ചിൻ്റെ വിവാഹം കഴിഞ്ഞത്. അഞ്ചു വയസുള്ള മകളുണ്ട്.
ഇന്ന് മൃതദേഹം കണ്ണൂരിലെ വീട്ടിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

Comments
Post a Comment