ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം: ജനങ്ങളെ വിഢികളാക്കരുതെന്ന് താലൂക്ക് സമിതിയിൽ രാജൻ വർക്കി




ചക്കിട്ടപാറ: അഞ്ചു പ്രാവശ്യം അളവുകൾ നടത്തിയിട്ടും ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ യഥാർത്ഥ വീതി നിർണ്ണയിക്കാൻ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തിനു പിന്നിൽ അധികാരികളുടെ കെടുകാര്യസ്ഥതയാണു് കാരണമെന്നു് കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തിൽ ആക്ഷേപം ഉന്നയിച്ച് സമിതി അംഗം രാജൻ വർക്കി. ആറാമത്തെ അളവ് ഇന്നു നടക്കുമെന്നാണ് സൂചന. 12 മീറ്റർ വീതിയിലാണ് ഹൈവേ കാസർകോട്‌ നിന്നു് തിരുവനന്തപുരത്തേക്ക് നടന്നു കൊണ്ടിരിക്കുന്നത്. പല ജില്ലകളിലും പണി പൂർത്തിയായി. മറ്റു ഭാഗങ്ങളിൽ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ പെരുവണ്ണാമൂഴി - ചെമ്പ്ര റീച്ചിൽ പെട്ട ചക്കിട്ടപാറ ടൗണിൽ മാത്രമാണു് പാതയുടെ വീതി നിർണയിക്കാൻ കഴിയാത്തത്. അംഗീകൃത സർവേയർമാരുടെ ഓരോ അളവിലും വ്യത്യസ്ത വീതിയാണ് കാണുന്നത്. ഇത് കെട്ടിട ഉടമകളിലും കച്ചവടക്കാരിലും തുടർച്ചയായ തർക്കത്തിനു കാരണമാവുകയാണ്. ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ വീതി നിർണയ സ്കെച്ച് ഇല്ലെന്നാണ് അധികൃത ഭാഷ്യം. മറ്റു സ്ഥലങ്ങളിൽ ഇതുണ്ട്. പഴയ കാലത്ത് പലരും റോഡ് കൈയേറിയാണ് ബഹുനില കെട്ടിടങ്ങളും മതിലുകളും നിർമ്മിച്ചത്. യഥാർത്ഥ അളവു വന്നാൽ ഇതിൽ പലതും പൊളിക്കേണ്ടി വരും. ഇത്തരക്കാരെ രക്ഷിക്കാനാണ് ടൗണിൻ്റെ യഥാർത്ഥ വീതി അളവ് സ്‌കെച്ച് മറച്ചുവെച്ച് അളവു പ്രഹസനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നാടിൻ്റെ വികസനത്തിനു തുരങ്കം വെക്കുന്ന ഈ നയം തിരുത്തണമെന്നാണ് കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി ആവശ്യപ്പെട്ടത്. കൈയ്യേറ്റക്കാരെ സംരംക്ഷിക്കുന്നത് നിർത്തി റവന്യൂ _ സർവെ ടീം, ചക്കിട്ടപാറ പഞ്ചായത്ത്, കേരളാ റോഡ് ഫണ്ട് ബോർഡ് തുടങ്ങിയവർ നാടിനൊപ്പം നിൽക്കണം. പ്രശ്നത്തിൽ ഇടപെട്ട് രംഗത്തു വന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇല്ലെന്നു വാദിക്കുന്ന ചക്കിട്ടപാറ ടൗണിൻ്റെ ലഭ്യമായ സ്കെച്ചിൻ്റെ പകർപ്പ് താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കി പ്രദർശിപ്പിച്ചു. ശേഷം വേദിയിലുണ്ടായിരുന്ന തഹസിൽദാരെ ഏൽപ്പിക്കുകയും ചെയ്‌തു.

പടം :വീതി നിർണയത്തിൽ തർക്കമുള്ള ചക്കിട്ടപാറ ടൗണിൻ്റെ ലഭ്യമായ സ്കെച്ചിൻ്റെ പകർപ്പ് കൈയ്യിലേന്തി കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ മലയോര ഹൈവേ നിർമ്മാണ പ്രശ്‌നം രാജൻ വർക്കി അവതരിപ്പിക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി