പുലിയുടെ മുൻപിൽപ്പോലും മനോധൈര്യം വിടാത്ത ബോബി: പശുക്കടവ് സ്വദേശിനിയുടെ മരണം പശുക്കടവ് മലയോരത്തിന് ഞെട്ടലായി.


( ബോബിയുടെ മൃതദേഹം കണ്ട സ്ഥലത്തുള്ള പിവിസി പൈപ്പിൽനിന്ന് പോലീസ് നായ മണംപിടിക്കുന്നു )

പശുക്കടവ് : എട്ടുമാസം മുൻപ്,
വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ചൂളപ്പറമ്പിൽ ബോബിയുടെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തി ബോബിയുടെ വളർത്തുനായയെ പിടിച്ചു. കഴുത്തിൽ പല്ല് ആഴ്ത്തിയിറക്കുമ്പോൾ ബോബി ഇതുകണ്ടു. പേടിച്ചോടാതെ ബഹളംവെച്ചും കൈയിൽകിട്ടിയത് എടുത്തെറിഞ്ഞും നായയെ രക്ഷിക്കാൻ തന്നാലാവുന്നത് ചെയ്തു. ഒടുവിൽ നായയുടെ പിടിവിട്ട് പുലി തിരിച്ചോടിപ്പോയി...

പുലിയുടെ മുൻപിൽപ്പോലും മനോധൈര്യം വിടാത്ത ബോബിയുടെ ജീവൻ ഒടുവിൽ വൈദ്യുതക്കെണിയിൽ കുരുങ്ങി നഷ്ട‌മായത് നാടിന്റെ ഞെട്ടലായി. പശുക്കടവ് മലയോരത്തിൻ്റെ ഏറ്റവുമറ്റത്ത് കോങ്ങാട് ഇഞ്ചിപ്പാറ റോഡ് അവസാനിക്കുന്നയിടത്താണ് ബോബിയുടെ വീട്. എന്നും പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടിയാണ് ജീവിതം. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി, അല്ലാത്ത സമയത്ത് വന്യമൃഗശല്യം.

ഇടയ്ക്കിടെ കാട്ടാനയും മറ്റു വന്യജീവികളും ഇറങ്ങും. പക്ഷേ, ഒന്നിനുമുന്നിലും മുട്ടുമടക്കില്ല ബോബി. ഭർത്താവ് ഷിജുവിന് കണ്ണൂർ ആലക്കോടിലാണ് ജോലി. ആഴ്ചയിലോ രണ്ടാഴ്‌ച കൂടുമ്പോഴോ ആണ് വരുക. രണ്ടു മക്കൾക്കൊപ്പം ഒറ്റപ്പെട്ടസ്ഥലത്ത് കഴിയുന്നതിന് ബോബിക്ക് ഭയമുണ്ടായിരുന്നില്ല. മൂത്തമകൾ ബെംഗളൂരുവിൽ നഴ്‌സിങ് പഠിക്കുകയാണ്. ജീവിതമാർഗമായിരുന്നു ബോബിക്ക് പശുവളർത്തൽ. കൂടാതെ, ആടുകളുമുണ്ട്. തൊഴിലുറപ്പു ജോലിക്കും പോകും.

വെള്ളിയാഴ്ച വൈകീട്ട് ബോബിയെയും പശുവിനെയും കാണാനില്ലെന്ന വിവരം അറിഞ്ഞതുമുതൽ നാടാകെ സംശയിച്ചത് വന്യമൃഗ അക്രമത്തെക്കുറിച്ചാണ്. ഇതേത്തുടർന്നാണ് കാട് കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എന്നാൽ, സാധാരണ പശുവിനെ മേയ്ക്കാൻ പോകുന്ന സ്ഥലങ്ങളിലൊന്നും സംശയിക്കത്തക്കയൊന്നും കണ്ടില്ല. ഇതോടെ ആശങ്കയേറി. വെളിച്ചക്കുറവ് തിരച്ചിലിന് തിരിച്ചടിയായി. അപ്പോഴെല്ലാം വീടിന്റെ രണ്ടുപറമ്പ് അപ്പുറം ബോബിയും പശുവും നിശ്ചലരായി കിടക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്തേക്ക് കാര്യമായി തിരച്ചിൽ നടത്തിയിരുന്നില്ല. കാരണം വനമേഖല വീടിന്റെ മറുവശത്താണ്. അങ്ങോട്ടാണ് എല്ലാവരും ശ്രദ്ധകേന്ദ്രീകരിച്ചത്.

12 മണിക്കുശേഷം വെളിച്ചസംവിധാനമൊരുക്കി ഈ ഭാഗത്തുകൂടി തിരച്ചിൽ നടത്തിയപ്പോഴാണ് ബോബിയുടെയും പശുവിൻ്റെയും മൃതദേഹം കണ്ടത്. അല്പസമയത്തിനകംതന്നെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷമാണ് മരണമെന്നാണ് സൂചന. രണ്ടുമണിക്ക് ബോബി ബെംഗളൂരുവിലെ മകളെ വിളിച്ചിരുന്നു. ആ സമയം പശുവിനെ മേയാൻ വിട്ടിട്ടുണ്ടെന്ന് മകളോട് പറയുകയും ചെയ്‌തു. ഇതിനുശേഷമായിരിക്കാം ബോബി പശുവിനെ തേടി പോയതെന്നാണ് സൂചന.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി