പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി മുങ്ങി; പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിൽ
പേരാമ്പ്ര: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങൾ തട്ടി മുങ്ങിയ കേസിലെ പ്രതിയെ പേരാമ്പ്ര പോലീസ് സാഹസികമായി പിടികൂടി. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുൽ എസ്.പി (34) ആണ് പിടിയിലായത്. പേരാമ്പ്രയിലെ കോളേജ് അദ്ധ്യാപകരായ രക്ഷിതാക്കളുടെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പ്രതി ട്യൂഷൻ എടുത്തിരുന്നു.
ഇതിനിടയിലാണ് കുട്ടിയെ പറ്റിച്ച് പണം കൈക്കലാക്കിയത്.ഇത്തരത്തിൽ 2022 ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ 9,191, 39 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2023 ഫെബ്രുവരി 20ന് കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്‌ത് പേരാമ്പ്ര പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 3 വർഷമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് പോലീസിനെ ഏറെ വട്ടംചുറ്റിച്ചിരുന്നു.
സംഭവശേഷം ബന്ധുക്കളുമായി വരെ രഹസ്യമായി മാത്രം ബന്ധപ്പെട്ട പ്രതി യുപിയിലും വാരണസിയിലുമായി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ വാരണാസിയിൽ നിന്ന് വന്ന ഒരു ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വാരണാസിയിലുണ്ടെന്ന് പേരാമ്പ്ര പോലീസിന് സൂചന ലഭിച്ചിരുന്നു. വാരണാസിയിലെത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഈ സമയം പ്രതി കേരളത്തിലേക്ക് കടന്നിരുന്നു.
പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എം സുനിൽ കുമാറും, ചന്ദ്രനും തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിയതിൽ കഴക്കൂട്ടത്ത് പാങ്ങാപ്പാറ ശ്രീ ശാസ്താ റോഡിൽ ശ്രീകാര്യം കുറ്റിച്ചാൽ എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തിൽ ഭാഗവത സപ്താഹ ദിവസം താടിയും മുടിയും നീട്ടി വളർത്തിയ പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്ന് പോയതായി വിവരം ലഭിച്ചു.
പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ അച്ഛൻ വാടകക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തി. രാത്രി മണിക്കൂറുകളോളം പ്രതിയുടെ സാന്നിധ്യത്തിനായി പോലീസ് സംഘം കാത്തിരുന്നു. തുടർന്ന് പ്രതിയെ പോലീസ് സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ വലയിലായെന്ന് ബോധ്യപ്പെട്ട പ്രതി നെഞ്ചുവേദനയും മാനസിക അസ്വസ്ഥതയും അഭിനയിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് എല്ലാ പരിശോധനയും പൂർത്തിയാക്കി പൂർണ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ട ശേഷം പേരാമ്പ്ര സ്റ്റേഷനിലെത്തിച്ചു.
പേരാമ്പ്ര ഇൻസ്പെക്ടർ ജംഷിദ് പിയുടെ നേതൃത്വത്തിൽ എസ്.ഐ ജിതിൻവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എം സുനിൽ കുമാർ, ചന്ദ്രൻ, സിപിഒമാരായ ബോബി, മിനീഷ്, രജിലേഷ് എന്നിരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Comments
Post a Comment