കുവൈറ്റ് വ്യാജ മദ്യ ദുരന്തം മരിച്ചവരിൽ മലയാളികളിൽ ഒരാൾ കണ്ണൂർ സ്വദേശി.
കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സച്ചിന്റെ മൃതദേഹം ശനിയാഴ്ച്‌ച രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: സിധിന (ഹുസ്‌ന ഡ്രൈവിങ് സ്‌കൂൾ). മകൾ: സിയ സച്ചിൻ (വിദ്യാർഥി, ഇരിണാവ് എഎൽപി സ്‌കൂൾ).
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവർത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവർത്തനങ്ങളിലടക്കം സജീമായിരുന്നു.
കുവൈത്തിൽ ഒരു ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പമാണ് സച്ചിൻ താമസിച്ചിരുന്നത്. അതിനിടെ മദ്യം കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സച്ചിന്റെ ചില സുഹൃത്തുക്കൾക്കും ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. ചിലരുടെ നില ഗുരുതരമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.
കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ എല്ലാവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Comments
Post a Comment