വടകരയിലെ ബസ് പണിമുടക്ക് പിൻവലിച്ചു; ഇന്നത്തെ സമരം ആഹ്വാനം ചെയ്ത‌ വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്കെതിരെ നടപടിയെടുക്കാനും തീരുമാനം




വടകര: പെരിങ്ങത്തൂരിൽ ബസ് ജീവനക്കാരനെ ബസിൽവെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിവന്ന ബസ് പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പതിവുപോലെ സർവ്വീസ് നടത്താൻ തീരുമാനമായി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി, വടകര ആർ.ടി.ഒ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ബസ് തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം യോഗം അപലപിച്ചു. ഇന്ന് നടന്ന പണിമുടക്ക് യൂണിയൻ ഭാരവാഹികളുടെയോ ബസ് ഓണേഴ്‌സ് അസോസിയേഷന്റെയോ അറിവോടെയല്ലയെന്നും യോഗം വ്യക്തമാക്കി. ഏതോ വാട്‌സ്‌ആപ്പ് കൂട്ടായ്‌മയുടെ ആഹ്വാനപ്രകാരമാണ് സമരം നടന്നത്. സമരം ആഹ്വാനം ചെയ്‌ത Drivers (New) പോലുള്ള വാട്സ്ആപ്പ് കൂട്ടായ്‌മകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.

ചർച്ചയിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ഐ.പി.എസ്, വടകര ആർ.ടി.ഒ രാജേഷ്, അഡീഷണൽ എസ്.പി എ.പി.ചന്ദ്രൻ, ജോയിൻ ആർ.ടി.ഒ സജീഷ് എന്നിവരും ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.ടി.യു.സി തുടങ്ങി അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.

തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണു‌വിനാണ് മർദ്ദനമേറ്റത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തിരുന്നു. കേസിലുൾപ്പെട്ട നടുവണ്ണൂരിലെ പി.പി. വിനീഷ്, വളയം വാണിമേലിലെ സൂരജ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. നാദാപുരം തൂണേരി സ്വദേശി വിശ്വജിത്തിന്റെറെ ഭാര്യക്ക് സ്റ്റുഡന്റ് കൺസഷൻ നൽകിയില്ല എന്നാരോപിച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് ഇരിങ്ങണ്ണൂർ സ്വദേശിയായ കണ്ടക്ടർ വിഷ്‌ണുവിനെ ഒരു സംഘം മർദ്ദിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി