കുവൈത്ത് വിഷ മദ്യ ദുരന്തം : സ്ഥിതിഗതികൾ അതീവ ഗുരുതരം;
കുവൈത്ത് സിറ്റി : കുവൈത്തിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിലും മലയാളികൾ ഉൾപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ ഇതു സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമോ ഇന്ത്യൻ എംബസിയോ ഇത് വരെ ഔദ്യോഗികമായി യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനഞ്ചോളം പ്രവാസി തൊഴിലാളികളെ ഗുരുതരാവസ്‌ഥയിൽ അദാൻ, ഫർവാനിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് .മറ്റു ചിലരെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരനായ ഒരാളെ മഹബൂലയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ഇയാളുടെ ബന്ധുക്കൾക്ക് അന്വേഷണ സംഘത്തിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട്.വിഷ മദ്യം കഴിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരി ടുന്ന നിരവധി പേർ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ ഇപ്പോഴും ചികിത്സ തേടി എത്തുന്നതായാണ് വിവരം. ഒരേ കേന്ദ്രത്തിൽ നിന്നും നിർമ്മിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത മദ്യമാണ് ദുരന്തത്തിന് കാരണമായത് എന്നാണ് നിഗമനം. ജിലീബിലെ ബ്ലോക്ക് 4 ൽ നിന്നും നിർമ്മിച്ച മദ്യം കഴിച്ചാണ് ദുരന്തം സംഭവിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ചിലർക്ക് കാഴ്ച് നഷ്‌ടപ്പെട്ടതായും അറിയുന്നു . നിയമക്കുരുക്കുകൾ ഭയന്ന് പലരും ചികിത്സ തേടാൻ തയ്യാറാകാ ത്തതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന ആശങ്കയും സാമൂഹിക പ്രവർത്തകർ പങ്കു വെക്കുന്നുണ്ട്. സൗദി അറേബ്യക്ക് പുറമെ മദ്യനിരോധനം നിലവിലുള്ള ഒരേ യൊരു ഗൾഫ് രാജ്യമാണ് കുവൈത്ത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്യത്തെ വിവിധ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് മദ്യം അനുവദിക്കുന്നത്.ഈ അവസരം മുതലെ ടുത്തു കൊണ്ട് രാജ്യത്ത് നിരവധി അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അനധികൃത മദ്യ നിർമ്മാണത്തിനും വിൽപനക്കുമെതിരെ ശക്തമായ പരിശോധനകളാണ് അധികൃതർ നടത്തി വരുന്നതെങ്കിലും വാറ്റ് ചാരായം ഉൾപ്പെടെയുള്ള മദ്യ ഉത്പന്നങ്ങൾ രാജ്യത്ത് യഥേഷ്ടം ലഭ്യവുമാണ്. ഒന്നര ലിറ്റർ അളവിലുള്ള വാറ്റ് ചാരായത്തിനു മൂന്ന് ദിനാർ മുതൽ 5 ദിനാർ വരെ നിരക്കിലാണ് വില്പന നടക്കുന്നത്. മദ്യ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ട നിരവധി മലയാളികളും സജീവമാണ്. കഴിഞ്ഞ മെയിൽ വിഷ മദ്യം കഴിച്ച തിനെ തുടർന്ന് ഖൈത്താനിലെ കെട്ടിടത്തിന് മുകളിൽരണ്ട് ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും വിഷ മദ്യ ദുരന്തം സംഭവിച്ചിരിക്കുന്നത്.

Comments
Post a Comment