ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും
മലയാളത്തിന് തിരുവനന്തപുരം ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്നു കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. 13-ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമാവുന്നത്. 12-ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്.
ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷത്തിന് എഡി 825-ലാണു തുടക്കമായത്. 'ആൻ ഇന്ത്യൻ എഫെമെറീസ്' എന്ന ആധികാരിക ഗ്രന്ഥത്തിൽ എഡി 825 ജൂലൈ 25 ചൊവ്വാഴ്‌ച കൊല്ലവർഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണു കൊല്ലവർഷത്തിനു തുടക്കമിട്ടതെന്നും ശങ്കരാചാര്യർ തുടങ്ങിവച്ചതാണെന്നും സപ്‌തർഷി വർഷത്തിന്റെ വകഭേദമാണെന്നും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. മറ്റു വാദങ്ങളുമുണ്ട്.
1834 വരെ തിരുവിതാംകൂറിലെ സർക്കാർ രേഖകളിൽ കൊല്ലവർഷമാണ് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണത്തിലേക്കു മാറിയതോടെ ഇംഗ്ലിഷ് വർഷത്തിലേക്കു മാറി.
ഐശ്യര്യസമൃദ്ധിയുടെ കർഷകദിനം
തിരുവനന്തപുരം ചിങ്ങം ഒന്ന് കേരളത്തിനു കർഷകദിനം കൂടിയാണ്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിൻ്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി നാട് ഒരുങ്ങും.

Comments
Post a Comment