മലയോര ഹൈവേ: ചക്കിട്ടപാറ ടൗണിൽ നാലാം തവണയും റോഡിന്റെ വീതിയളന്നു


(ചക്കിട്ടപാറ ടൗണിൽ എം.കെ. രാമന്റെ കടയ്ക്കുള്ളിലേക്ക് 2.95 മീറ്റർ വീതിനിർണയിച്ച് മലയോര ഹൈവേക്കായി അടയാളപ്പെടുത്തിയപ്പോൾ)

സർവേ നടക്കുന്നത് റവന്യു രേഖ പ്രകാരമല്ലെന്ന് ആക്ഷേപം

🖊️ ജോബി മാത്യു 

ചക്കിട്ടപാറ : പെരുവണ്ണാമൂഴി -
ചെമ്പ്ര റീച്ചിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ റോഡിൻ്റെ വീതി നിർണയത്തിനു നാലാം തവണയും അളവ് നടന്നു. കേരള റോഡ് ഫണ്ട് ബോർഡിനു വേണ്ടി നടക്കുന്ന വീതി നിർണയത്തിൽ ഒരോ അളവിലും പാതയുടെ വീതി വ്യത്യസ്തമാകുന്നതിലാണു വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും ആശങ്ക

ചക്കിട്ടപാറ ടൗണിന്റെ മധ്യഭാഗത്തെ സ്‌റ്റേഷനറി കച്ചവടക്കാരനായ എം.കെ.രാമൻ്റെ കടയുടെ ഭാഗത്തു കഴിഞ്ഞ ദിവസത്തെ അളവിൽ കടയുടെ മുൻഭാഗത്ത് നിന്നും 2.95 മീറ്റർ ഉള്ളിലേക്കാണ്. ഇതുപ്രകാരം റോഡിന്റെ ഭൂമി കട കഴിഞ്ഞു സമീപത്തെ കടയുടെ ഭാഗത്താണ്. കഴിഞ്ഞ തവണത്തെ അളവിൽ റോഡിൽ നിന്നും 1.20 മീറ്ററാണ് കടയുടെ ഭാഗത്തേക്ക് മാർക്ക് ചെയ്തിരുന്നത്. രാമന്റെ കടയുടെ ഭാഗത്തുള്ള മിക്ക കടക്കാരുടെയും സ്ഥിതി ഇതുതന്നെ.

ഈ കടയുടെ എതിർവശത്തു ള്ളവരുടെ സ്ഥാപനത്തിന്റെ ഭാഗത്ത് മുൻപ് മാർക്ക് ചെയ്തിരുന്നത് മാറ്റി ഇത്തവണത്തെ അളവിൽ മുറിയും വരാന്തയും ഒഴിവാക്കി സ്റ്റെപ്പിലാണു മാർക്കിങ്. സർവേ നടക്കുന്നത് റവന്യു രേഖ പ്രകാരമല്ലെന്നു സംശയവും വർധിച്ചിട്ടുണ്ട്.

പെരുവണ്ണാമുഴിയിൽ നിന്നു ചക്കിട്ടപാറ വരെ 3 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിലാണു പ്രവൃത്തി നടക്കുന്നത്. ടൗണിലെ പഞ്ചായത്ത് ഓഫിസിനു മുൻവശം മുതൽ ചെമ്പ്ര റോഡ് വരെ 200 മീറ്റർ ദൂരത്തിലാണു വീതി പ്രശ്നം. പാതയുടെ വീതി നിർണയിക്കാത്തതിനാൽ 2 മാസമായി പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്.

ടൗണിൽ റോഡിനു പല വീതിയാണെന്നു ഓരോ അളവ് കഴിയുമ്പോഴും അധികൃതർ പറയുന്നു. പ്രശ്നപരിഹാരത്തിന് റോഡിന്റെ മധ്യത്തിൽ നിന്നും 6 മീറ്റർ വീതം ഇരുഭാഗത്തേക്കും അളന്നാണ് ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്നത്.

ടൗണിൽ റോഡിനു വേണ്ടി സർക്കാർ ഭൂമി ഏറ്റെടുത്തതിന്റെ രേഖകൾ ഉണ്ടെന്ന് ജനങ്ങൾ പറയുന്നുണ്ട്. റോഡ് കയ്യേറിയവരെ സംരക്ഷിക്കാൻ റോഡ് രേഖ മുക്കിയ ശേഷമാണ് ഇപ്പോൾ പ്രഹസന അളവുകൾ നടക്കുന്ന തെന്ന് ജനകീയ കർമസമിതി കൺവീനർ രാജൻ വർക്കി ആരോപിച്ചു. നിയമം വഴി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി