ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കി ജവാദ് യാത്രയായി
മരുതോങ്കര: ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജവാദ് ഒരുപിടി സ്വപ്നങ്ങൾ ബാക്കിയാക്കി യാത്രയായി. പേരാമ്പ്രയിൽ ഇന്ന് വൈകുന്നേരം ഉണ്ടായ ബസ് അപകടത്തിൽ മരണമടഞ്ഞ മരുതോങ്കര മൊയിലോത്തറ താഴത്ത് വളപ്പിൽ അബ്‌ദുൾ ജവാദ് (23) ഒരു കുടുംബത്തിൻ്റെ സന്തോഷവും പ്രതീക്ഷയുമായിരുന്നു.
എസ്എഫ്ഐ സിയുആർസി യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ജവാദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണ സെന്റർ എംഎസ് ഡബ്ല്യു രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.
പഠനത്തിലും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും മുമ്പന്തിയിലായിരുന്നു ജവാദ്.
വിദ്യാർത്ഥികൾ ചേർന്ന് സബ് സെന്റർ പെയിന്റ് ചെയ്യാനായി മുന്നിട്ടിറങ്ങുകയും പണി നടന്നുകൊണ്ടിരിക്കുകയുമായിരുന്നു.
ഇതിനിടയിൽ പെയിന്റ് വാങ്ങാനായി ജവാദ് ഇരുചക്ര വാഹനത്തിൽ വരുന്നതിനിടയിൽ കക്കാട് ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കെ എൽ 11 എജി 3339 ഒമേഗ ബസ് അബ്ദുൾ ജവാദ് സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
റോഡിൽ വീണ ജവാദിൻ്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ജീവൻ പൊലിഞ്ഞ ജവാദിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചു. പേരാമ്പ്രയിൽ വൻ പ്രതിഷേധമാണ് നടന്നത്. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാത്തതിൽ വൻ പ്രതിഷേധത്തിലാണ് ജനങ്ങൾ. പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികൾ സ്വീകരിക്കാത്തപക്ഷം വൻ പ്രതിഷേധത്തിലേക്ക് പോകുമെന്നും നാട്ടുകാർ പറഞ്ഞു.
സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരും രാഷ്ട്രീയ പാർട്ടിപ്രതിനിധികളും ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുണ്ടുതോട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പിതാവ് അബ്ദുൾ ജലിൽ (വടകര റവന്യൂ റിക്കവറി തഹസിൽദാർ ഓഫീസിലെ സീനിയർ ക്ലാർക്കും ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗവുമാണ്). മാതാവ് മുനീറ. സഹോദരൻ മനാഫ് (പ്ലസ് ടു വിദ്യാർത്ഥി ചാത്തങ്കോട്ടുനട എജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ).

Comments
Post a Comment