ചോക്ലേറ്റുമായി ഒമാനിൽ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട;
ഒരു കിലോ
എംഡിഎംഎയുമായി യുവതി പിടിയിൽ
കോഴിക്കോട് : കോഴിക്കോട്
വിമാനത്താവളത്തിൽ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനിൽ നിന്ന് എത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാൻ വിമാനത്താവളത്തിൽ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസിന്റെ വലയിലായി.
ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് തിരിച്ചെത്തിയപ്പോൾ ഒരു കിലോ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസിൽ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസും ഡാൻസഫും ചേർന്ന് പാർക്കിംഗ് ഏരിയയിൽ വച്ച് കസ്റ്റഡിയിലെടുത്തു. ഒപ്പം സൂര്യയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാനായി എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളെയും.
അലി അക്ബർ, മുഹമ്മദ് റാഫി, ഷഫീർ സിപി എന്നിവരാണ് പ്രതികൾ. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. യുവതി ക്യാരിയർ മാത്രമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒമാനിലുള്ള കണ്ണൂർ സ്വദേശി നൗഫൽ ആണ് എംഡിഎംഎ കൊടുത്തയച്ചത്. യുവതിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റിയ ശേഷം അവരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാൻ ആയിരുന്നു തിരൂരങ്ങാടി സ്വദേശികൾക്കുള്ള നിർദ്ദേശം. ഇവരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരുന്നു. വിപണിയിൽ കോടികൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടികൂടിയിരിക്കുന്നത്.

Comments
Post a Comment