മങ്ങാത്ത കനലോർമ വിഎസിന് വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം
കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവിൽ മടങ്ങി. കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് ചുരുട്ടി മുദ്രാവാക്യം വിളിച്ച് നാടിന്റെ യാത്രാമൊഴി. ചങ്കുപൊട്ടി പിഞ്ചുകുഞ്ഞുങ്ങളടക്കം വിളിച്ച മുദ്രാവാക്യങ്ങൾ പോലെ ഇനി അവരിലോരോരുത്തരിലൂടെയും വിഎസ് ജീവിക്കും.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനത്തിൽ പതിനായിരങ്ങൾ സഖാവിനെക്കാണാൻ ഒഴുകിയെത്തി. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. പാർട്ടി പതാക പുതച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നൽകി.
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ വിലാപയാത്രയിൽ ജനലക്ഷം വിഎസിന് അന്ത്യാദരമർപ്പിച്ചു. പാതിരാവിനെ പകലാക്കിയും മഴപ്പെയ്ത്തിൻ്റെ തണുപ്പിൽ വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി സ്വയം അഗ്നിയായുമാണ് സമരസഖാവിന് കേരളം യാത്രാമൊഴി നൽകിയത്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള 156 കിലോമീറ്റർ താണ്ടാൻ എടുത്തത് 22 മണിക്കൂർ.
ഏഴും എട്ടും മണിക്കൂർ വഴിവക്കിൽ കാത്തിരുന്ന് ഒരു മിന്നായം പോലെ സഖാവിനെ കണ്ടവർ, കണ്ണിമചിമ്മാതെ കാത്തിരുന്നിട്ടും, കാണാതെ കണ്ണീർ വാർത്തവർ, ചങ്കുതകർന്ന് മുദ്രാവാക്യം വിളിച്ചവർ.. വിലാപയാത്രയിലുടനീളം കണ്ടത് നെഞ്ച് നുറുങ്ങുന്ന ചിത്രങ്ങൾ.
പുന്നപ്രയിലെ വീടും തിരുവമ്പാടിയിലെ പാർട്ടി ഓഫീസും വി എസ് ഓർമകളുടെ കടലിരമ്പമായി. ഇതുവരെയെന്ന പോലെ, പോരാട്ടചരിത്രത്തിൽ ഇനിയും വി എസ് തിളക്കമാർന്ന രക്താരകം.

Comments
Post a Comment