ബസ് അപകടം തുടർക്കഥയായ കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ ബസ് നിരത്തിലിറക്കി കെ എസ് ആർ ടി സി
പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്ന് വൈകുന്നേരം ബസ് ഇടിച്ച് കോളെജ് വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ കുറ്റ്യാടി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളെ ക്ഷുഭിതരായ ജനങ്ങൾ തടഞ്ഞപ്പോൾ യാത്രക്കാർക്ക് ആശ്വാസവുമായി കെഎസ്ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കി.
ഇത് വൈകുന്നേരം ജോലി കഴിഞ്ഞ് എത്തുന്നവർക്കും മറ്റു യാത്രക്കാർക്കും വലിയ ആശ്വാസമാണ് നൽകിയത്. ശനിയാഴ്ചയും പിഎസ് സി പരീക്ഷയും ഉള്ള ദിവസവും കുടിയായപ്പോൾ വൈകുന്നേരത്തെ യാത്രാ തിരക്ക് കൂടുതലാണ്. വിവിധ ഇടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ശനിയാഴ്ച വീടുകളിലെത്താൻ കുടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഈ സമയത്താണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞത്. തുടർന്ന് ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ ഓട്ടം നിലച്ചു.
കുറ്റ്യാടിക്കും കോഴിക്കോടിനും ഇടയിലുള്ള സ്ഥലങ്ങളിലും ബസ് ലഭിക്കാൻ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ ഒന്നിന് പുറകെ മറ്റൊന്നായി നിരവധി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയതോടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി. വൈകിട്ട് പേരാമ്പ്ര പട്ടണത്തിൽ ബസ് കാത്തു നിൽക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്ന് യാത്രക്കാർ പരിഭ്രാന്തരാവുന്നതിനിടയിലാണ് കെഎസ്ആർടിസി ബസുകളുടെ വരവ്. ആദ്യമാദ്യം എത്തിയ ബസുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് തിരക്കില്ലാതെ യാത്ര ചെയ്യാവുന്ന നിലയായി.
നിരവധി അപകടങ്ങൾ സംഭവിക്കുന്നത് കൊണ്ട് ഈ റൂട്ടിൽ ദേശസാൽക്കരണം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം ഉയരുമ്പോൾ കെഎസ്ആർടിസിയുടെ ഇത്തരം സമയോജിത ഇടപെടൽ ഗുണകരമായിരിക്കുമെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. കെഎസ്ആർടിസിയുടെ ഈ ഇടപെടൽ എന്ത് കൊണ്ടും ബിഗ് സല്യൂട്ടിന് അർഹമാണ്.

Comments
Post a Comment