കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകര്യബസിന്റെ മരണപ്പാച്ചിൽ; ഇന്നും പേരാമ്പ്രയിൽ ബസ് സർവീസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
പേരാമ്പ്ര : പേരാമ്പ്രയിൽ സ്വകര്യബസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബസിന്റെ അമിത വേഗതയും മരണപ്പാച്ചിലും യാത്രക്കാരുടെ ഉൾപ്പെടെ ജീവന് ഭീഷണിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ബസുകളുടെ സർവീസ് തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
ബസിൽ യാത്ര ചെയ്‌ത നിരവധി യാത്രക്കാരെ ബസിൽ നിന്നും ഇറക്കുകയും ബസ് സർവീസ് നടത്താൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി സംഘർഷത്തിലേക്ക് മാറാതെ പ്രതിഷേധക്കാരെ തടയുന്നുണ്ട്. നിലവിൽ സ്വകാര്യ ബസുകളുടെ സർവീസ് നടത്താൻ സമ്മതിക്കില്ലെന്ന് തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്.
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടെ പൊലിഞ്ഞതോടെ നാട്ടുകാർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെയും സമാനയായ രീതിയിൽ ബസുകൾ തടഞ്ഞിരുന്നു.
ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായി. സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധത്തിനെത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നിൽ സമരക്കാർ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയാൽ തടയുമെന്നാണ് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാർഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയർ കയറിയിങ്ങി മരണം സംഭവിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഉൾപ്പെടെ ബസുകൾ തടയാൻ ഇറങ്ങിയത്.
അപകടത്തിന് പിന്നാലെ ഇന്നലെ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. വഴിതടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ച സമയത്ത് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാൻ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്. എന്നാൽ കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവർ മോചിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു.

Comments
Post a Comment