താൽക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ കാർ പണയപ്പെടുത്തി, പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: താൽക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് കാർ വാങ്ങിയ ആൾ കാർ പണയപ്പെടുത്തിയെന്ന ആരോപണവുമായി യുവാവ്. കൊയിലാണ്ടി പൂക്കാട് സ്വദേശി ജാബിർ ഹസൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. കൊയിലാണ്ടി പൊലീസിലാണ് ജാബിർ ഇതുസംബന്ധിച്ച പരാതി നൽകിയത്. ഷഫീർ എന്ന യുവാവിനെതിരെയാണ് ജാബിർ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 26 ന് തൻ്റെ കെഎൽ 56 എസ് 5623 നമ്പറിലുള്ള മഹീന്ദ്ര എസ്യുവി കാർ താൽകാലിക ആവശ്യം പറഞ്ഞ് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു. പിന്നീട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാഹനം തിരിച്ചു കൊടുത്തില്ല. കഴിഞ്ഞ ദിവസം കർശനമായി കാർ തിരിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ വാഹനം മറ്റൊരാൾക്ക് പണയം വെച്ച് മൂന്ന് ലക്ഷം രൂപ കൈപറ്റിയെന്ന വിവരമാണ് നൽകിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കക്കട്ടിലുള്ള ഒരു വീട്ടിലാണ് നിലവിൽ കാറുള്ളത്. കാറ് ചോദിച്ച ജാബിറിന് ആ വീടിന്റെ ലൊക്കേഷനാണ് ഷഫീർ അയച്ചു നൽകിയത്.
പൊലീസ് അന്വേഷണത്തിൽ ലൊക്കേഷൻ പ്രകാരമുള്ള കക്കട്ടിലെ വീട്ടിൽ എത്തിയപ്പോഴേക്കും വീട്ടുകാർ വാഹനം അവിടെ നിന്ന് മാറ്റിയതായും പരാതിക്കാരൻ സൂചിപ്പിച്ചു. വാഹനം കണ്ടെത്തി തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് കാണിച്ച് മുഖ്യമന്ത്രി, ഡിജിപി, വടകര ഡി വൈ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്ന് ജാബിർ ഹസ്സൻ പറഞ്ഞു.

Comments
Post a Comment