കൂരാച്ചുണ്ട് പള്ളി പരിസരത്ത് വോളിബോൾ സൗകര്യമൊരുക്കാൻ വികാരിയച്ചന്റെ ഇടപെടൽ ; വിൻസന്റ് അച്ചോ... അച്ഛൻ പൊളിയാണ്..




വോളിബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത'

വിൻസന്റ് അച്ചോ... അച്ഛൻ പൊളിയാണെന്ന് കായിക പ്രേമികൾ

കളിക്കാൻ ആഗ്രഹമുള്ളവർക്കിവിടെ കളിക്കാം 

പള്ളി പരിസരത്ത് വോളിബോൾ സൗകര്യമൊരുക്കാൻ വികാരിയച്ചന്റെ ഇടപെടൽ

✒️നിസാം കക്കയം 

 കൂരാച്ചുണ്ട്:  "കളിക്കാൻ ആളുണ്ടെങ്കിൽ ഈ മൈതാനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താം" കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിൻസന്റ് കണ്ടത്തിലിന്റെ വാക്കുകൾ വോളിബോൾ പ്രേമികൾക്ക് പുതിയ പ്രതീക്ഷ പകരുകയാണ്. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ടൗൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സെയ്ന്റ് തോമസ് പള്ളി ഗ്രൗണ്ടിൽ നടന്ന വോളിബോൾ ടൂർണമെന്റിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്ത ശേഷമായിരുന്നു വികാരിയച്ചന്റെ പ്രഖ്യാപനം.

ഒരു കാലത്ത് മലയോരത്ത് ഏറ്റവും ജനപ്രിയമായിരുന്നു വോളിബോൾ മത്സരം. പ്രാദേശിക ടീമുകളും, ജില്ലാ സംസ്ഥാന തല ടീമുകളും അരങ്ങ് തകർക്കുന്ന ചെറുതും വലുതുമായ നിരവധി ടൂർണമെന്റുകൾ നടന്നിരുന്നു. എണ്ണം പറഞ്ഞ കളിക്കാരും പുറമേ നിന്ന് ഇറക്കുന്ന കളിക്കാരുമൊക്കെയായി നടക്കുന്ന ടൂർണമെന്റുകൾ ആഘോഷമായിരുന്നു. പഴയ കാലത്തെ തിരിച്ചു പിടിക്കാനായില്ലെങ്കിലുംപുതിയ തലമുറയെ വോളിബോളിനോട് ചേർത്ത് വെയ്ക്കാൻ സാധിക്കുന്നതിന് അച്ഛന്റെ നിലപാട് ഗുണം ചെയ്യുമെന്നാണ് പ്രേമികൾ പറയുന്നത്.

ടിവിയും ക്രിക്കറ്റും പ്രചാരത്തിലില്ലാതിരുന്ന കാലത്ത് അന്നത്തെ സായാഹ്നങ്ങൾ വോളിബോൾ കോർട്ടിന് ചുറ്റുമായിരുന്നു. ചുറ്റും വന്ന് നിറയുന്ന കാണികളായിരുന്നു കളിക്കാരുടെ ബലം. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ വന്ന് ചേരുന്ന കളിക്കാർ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് കൂരാച്ചുണ്ടിന്റെ സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്നു.

പുതിയ തലമുറ മൊബൈൽ ഫോണിനും സോഷ്യൽ മീഡിയക്കും പുറകെ പോകാൻ തുടങ്ങിയതോടെ കാണികളും കളിക്കാരും കുറഞ്ഞു. കായിക മേഖലയോട് താല്പര്യം ഉള്ളവർ ഫുട്‌ബോളിലേക്കും തിരിഞ്ഞു. പ്രാദേശിക ടൂർണമെന്റുകളിൽ സാമ്പത്തിക ബാധ്യത കൂടി വന്നതോടെ സംഘാടകരും പിൻവലിഞ്ഞു. അതോടെ സാവധാനം വോളിബോൾ മലയോരത്തു നിന്ന് പടിയിറങ്ങുകയായിരുന്നു.

ജില്ലാ സംസ്ഥാന തലങ്ങളിൽ മുൻകാലങ്ങളിൽ താരങ്ങളെ സംഭാവന ചെയ്ത കൂരാച്ചുണ്ടിന്റെ വോളിബോൾ പാരമ്പര്യം തിരിച്ചു പിടിക്കാൻ പഴയ കാല വോളിബോൾ താരങ്ങൾ നേതൃത്വം നൽകുന്ന ടൗൺ ക്ലബ് അംഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. പുതിയ തലമുറയിലെ കൂടുതൽ ആളുകൾ വോളിബോൾ മേഖലയിലേക്ക് കടന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ടൗൺ ക്ലബ് ഭാരവാഹികളായ സജു ജോസഫ്, ഇ.ടി.നിതിൻ, സജി ജോസഫ്, സിബി കോഴിവനാൽ, പ്രദീപ്‌, മനോജ്‌ കിഴുതറ എന്നിവർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി