മലയോരമണ്ണിൽ സ്ഥിരമായ ദുരിതാശ്വാസ ക്യാമ്പിനായി നിവേദനം നൽകി
കൂരാച്ചുണ്ട് : പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട കല്ലാനോട് 1994 ൽ കൃഷി വകുപ്പ് 'വിസിറ്റ് & ട്രെയിനിങ്' എന്ന സ്‌കീം പ്രകാരം നിർമ്മിച്ച കെട്ടിടം നിലവിൽ ജീർണ്ണിച്ച അവസ്ഥയിലാണുള്ളത്. രാത്രി കാലങ്ങളിൽ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.
തടത്തിൽ ജോസഫെന്ന അഭ്യുദയകാംക്ഷി സർക്കാരിന് ഇഷ്ടദാനമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി കൃഷി വകുപ്പിൽ നിന്നും പഞ്ചായത്തിന് വിട്ടുകിട്ടുകയാണെങ്കിൽ മഴക്കാലത്ത് പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്ന കൂരാച്ചുണ്ടിന്റെ മലയോരമണ്ണിൽ ശാശ്വത പരിഹാരമായി സ്ഥിരമായ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിക്കുവാൻ കഴിയും.
ഈ ആവശ്യമുന്നയിച്ച് കൊണ്ട് പ്രസ്തുത ഭൂമി പഞ്ചായത്തിന് വിട്ടുനൽകാനായി കൃഷിവകുപ്പ് മന്ത്രി ശ്രീ പ്രസാദിന്റെ പ്രൈവറ്റ് സെക്റട്ടറിക്ക് നിവേദനം സമർപ്പിച്ചു. വിഷയത്തെ പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. കൂരാച്ചുണ്ട്പഞ്ചായത്ത് പ്രസിഡൻറ് ഓ കെ അമ്മദിൻറെ നേതൃത്വത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ആൻറണി പുതുകുന്നേൽ, ആറാം വാർഡ് മെമ്പർ അരുൺ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Comments
Post a Comment