കൊയിലാണ്ടിയിൽ വീണ്ടും വാഹന അപകടം; വാഹനാപകടത്തെ തുടർന്നുള്ള ഗതാഗതക്കുരുക്കിനിടെ മറികടന്നുപോകാൻ ശ്രമിച്ച സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
കൊയിലാണ്ടി: നന്തി ബസാറിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് പിന്നാലെ വീണ്ടും അപകടം. ഗതാഗതക്കുരുക്ക് മറികടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 58 എ.ജി 0207 നമ്പറിലുള്ള സായി കൃഷ ബസാണ് അപകടത്തിനിടയാക്കിയത്. ഈ ബസ് മുന്നിലുണ്ടായിരുന്ന ടിപ്പർലോറിയിൽ ഇടിക്കുകയും ലോറി അതിനുമുമ്പിലെ കാറിൽ ഇടിക്കുകയുമായിരുന്നു.
കാർ യാത്രികരായ രണ്ടുപേർക്കും ബസിലെ ഒരാൾക്കും പരിക്കുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവർ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ യാത്രക്കാർ.
അപകടത്തിൽപ്പെട്ട ബസ് നാട്ടുകാർ തടഞ്ഞുനിർത്തുകയും യാത്രക്കാരെ മറ്റുവാഹനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും നിരതെറ്റിച്ചുള്ള പോക്കിനുമെതിരെ ശക്തമായ ജനരോഷമാണ് നന്തിയിൽ നിന്നും ഉയരുന്നത്.

Comments
Post a Comment