ഗതാഗതകുരുക്കിൽ നിന്നും രക്ഷപ്പെടാൻ സർവ്വീസ് റോഡ് വെട്ടിച്ചു; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ബൈപ്പാസ് റോഡിലെ മൺതിട്ടയിൽ കുടുങ്ങി
കൊയിലാണ്ടി: നന്തിയിൽ സ്വകാര്യ ബസ് ബൈപ്പാസ് റോഡിലെ മൺതിട്ടയിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ട് നന്തി സ്റ്റാൻ ഹോട്ടലിന് മുൻവശത്താണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ടാലന്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.
സർവ്വീസ് റോഡിൽ ഗതാഗതകുരുക്ക് കണ്ടതോടെ ബസ് ബൈപ്പാസ് റോഡിലൂടെ ഇറക്കാൻ ശ്രമിച്ചു. എന്നാൽ അൽപദൂരം മുന്നോട്ട് പോയശേഷം ബസിന്റെ മുൻവശത്തെ ടയർ മണ്ണിൽ കുടുങ്ങി. മഴയിൽ മണ്ണ് നനഞ്ഞതിനാൽ ബസ് പിന്നോട്ട് എടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല.
ഇതിനിടെ യാത്രക്കാർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താതെ ബസ് ജീവനക്കാർ ബസ് മണ്ണിൽ നിന്നും മാറ്റാൻ ശ്രമിച്ചത് വാക്കേറ്റത്തിലേക്ക് കടന്നതായി വിവരമുണ്ട്. അപകടസമയത്ത് ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Comments
Post a Comment