പേരാമ്പ്രയിൽ വീണ്ടും വിവാഹ വീട്ടിൽ പണപ്പെട്ടി മോഷണം
പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്തുകൊണ്ട് പോവുന്നത് പതിവാകുന്നു. പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം. കവറുകൾ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസിൽ ഫൈസലിൻ്റെ വീട്ടിലാണ് കള്ളൻ കയറിയത്.
ഫൈസലിന്റെ മകൾ ഫിജയുടെ വിവാഹമായിരുന്നു ഞായറാഴ്. ഇന്ന് രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ കാണാനില്ലെന്ന് മനസിലായത്. രണ്ട് പെട്ടികളാണ് വെച്ചിരുന്നത്. വിവാഹ വീടിൻ്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായിരിക്കുന്നത്.
കഴിഞ്ഞ 19-ാം തിയ്യതിയും സമാനമായ മോഷണം നടന്നിരുന്നു. പേരാമ്പ്രക്കടുത്ത് പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് പെട്ടി മോഷണം പോയത്. സദാനന്ദന്റെ മകൾ ശ്രീ ലക്ഷ്‌മിയുടെ വിവാഹമായിരുന്നു. പെട്ടി പണത്തോടെ വിവാഹ ശേഷം വീട്ടിനകത്ത് മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാർ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് പണമടങ്ങിയ പെട്ടിയുമെടുത്ത് പുറത്ത് കടക്കുകയായിരുന്നു.
പെട്ടി വീടിനോട് ചേർന്ന പന്തലിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പണമടങ്ങിയ കവറുകളുമായി കടന്ന് കളയുകയായിരുന്നു. പിറ്റേന്ന് കാലത്ത് പന്തൽ പൊളിക്കാനായി എത്തിയ തൊഴിലാളികളാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടെയാണ് പെട്ടി നഷ്‌ടപ്പെട്ട വിവരം വീട്ടുകാരും അറിയുന്നത്. പെട്ടിയുടെ പൂട്ട് തകർത്ത നിലയിലാണ്. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ മോഷ്ടാവിനെ പിടിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും പണപ്പെട്ടി മോഷണം പോയിരിക്കുന്നത്. പേരാമ്പ്ര പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്

Comments
Post a Comment