കാത്ത് കാത്തിരുന്ന് തുടങ്ങിയ സൗരവേലി നിർമ്മാണം തുടങ്ങലും മുടങ്ങി
✍🏿 നിസാം കക്കയം
കൂരാച്ചുണ്ട് : പെരുവണ്ണാമൂഴി റെയ്ഞ്ചിലെ കക്കയം വനാതിർത്തിയിൽ തുടങ്ങിയ സൗരവേലി നിർമ്മാണം അശാസ്ത്രീയവും, അപകടത്തിന് വഴി വെക്കുന്നതുമാണെന്ന് പരാതി ഉയരുന്നു. കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ജനകീയ പ്രതിഷേധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗരവേലി നിർമാണം. പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തത് ഉൾപ്പടെയുള്ള സാങ്കേതിക തടസങ്ങൾ കാരണം പതിനാല് മാസത്തോളം വൈകിയ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്.
ഡാം സൈറ്റ് റോഡിൽ വിജയൻ വളവ് മുതൽ മഞ്ജുള എസ്റ്റേറ്റ് വരെയുള്ള 2.5 കിലോമീറ്റർ ഭാഗത്താണ് നിർമ്മാണം നടക്കുന്നത്. ഈ ഭാഗങ്ങളിൽ പിഡബ്ല്യൂഡി റോഡിന്റെ സൈഡിൽ ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് സൗരവേലിയുടെ തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികളുടെയും, കെഎസ്ഇബി, വനം വകുപ്പ്, ടൂറിസം ജീവനക്കാരുടെയും ഉൾപ്പടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്ന് പോകുന്ന മേഖലയിലാണ് റോഡരികിൽ തന്നെ സൗരവേലി സ്ഥാപിക്കാനുള്ള നീക്കം. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇത് തകരാർ സംഭവിക്കാനും, വാഹനത്തിലുള്ളവർക്ക് അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഡാം സൈറ്റ് റോഡ് വികസനം വരുന്ന ഘട്ടത്തിലും ഇത് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വരും. റോഡരികിൽ നിന്ന് മാറ്റി വിനോദ സഞ്ചാരികൾക്കും, കർഷകർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Comments
Post a Comment