ബസുകളുടെ മരണപ്പാച്ചിൽ; പേരാമ്പ്രയിൽ ബസ് കാറിൽ ഇടിച്ച് വീണ്ടും അപകടം
പേരാമ്പ്ര: ബസുകളുടെ മരണപ്പാച്ചിൽ അപകടങ്ങൾ പതിവാകുന്നു. കൈതക്കലിൽ ബസ് കാറിൽ ഇടിച്ച് വീണ്ടും അപകടം. കാറിൽ സഞ്ചരിച്ച കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.
കോഴിക്കോട് നിന്നും നാദാപുരത്തേക്ക് പോകുന്ന ദുൽ ദുൽ ബസ് മുൻപിൽ ഉണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന ബസ് പതുക്കെ പോവുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിൻ്റെ വലതു വശത്തെ 2 ടയറുകളും പൊട്ടിയിട്ടുണ്ട്. നാദാപുരത്തുള്ള കുടുംബം കോഴിക്കോട് പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. അമിതമായ ലഹരി ഉപയോഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ബസ് തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു വെച്ചു. പൊലീസ് എത്തിയതിനു ശേഷമാണ് വിട്ടുകൊടുത്തത്. നാട്ടുകാരുടെ ആവശ്യം കാരണം ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.


Comments
Post a Comment