പേരാമ്പ്രയിൽ കാസ്ക കാവിൽ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി
പേരാമ്പ്ര : ഇന്ന് ലഭിക്കുന്നതിൽ ഏറ്റവും മായം കുറഞ്ഞതും പോഷക സമ്പന്നവുമായ ഭക്ഷണ വിഭവമാണ് ചക്ക. മലയാളിയുടെ ഇഷ്‌ട ഭക്ഷണവുമാണ് ചക്ക വിഭവങ്ങൾ. ചക്ക വിരിയുന്നത് മുതൽ മൂത്ത് പഴമാവുന്നത് വരെ വിവിധ ഘട്ടങ്ങളിലും ചക്കയെയും ചക്ക കുരുവിനെയും ചക്ക കാമ്പിനെയും മലയാളി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിവിധ രുചികളിലും വിഭാഗങ്ങളിലുമുള്ള ചക്ക മലയാളിക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇവയെ ഫലപ്രദമായി ഉപയോഗിക്കാൻ നമുക്ക് കഴിയുന്നില്ല.
കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ എ. ചക്കയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തിമിരം പോലുള്ള അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ചക്ക ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ ഒരു പോഷകമായ പൊട്ടാസ്യം ഈ ഉഷ്ണമേഖലാ പഴത്തിൽ കൂടുതലാണ്. ചക്കയിലെ ആന്റി-ഇൻഫ്ലമേറ്ററി ഫ്ലേവനോൺസ് രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക. ചക്കയിലെ ഉയർന്ന കാൽസ്യം അളവ് അസ്ഥികളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആർത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കുന്നു. കൂടാതെ, ഇതിലെ പൊട്ടാസ്യം അളവ് വൃക്കകളിലൂടെ കാൽസ്യം ക്ഷയിക്കുന്നത് തടയുന്നു. പ്രത്യേക സീസണിൽ മാത്രം ലഭിക്കുന്ന സ്വാദിഷ്‌ടമായ ചക്കയെ എങ്ങനെ വിവിധ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാം എന്ന് അവബോധം വരുത്താനായി കാസ്ക കാവിലിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവവും, ചക്കവിഭവ നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സി. ബാലൻ അധ്യക്ഷത വഹിച്ചു. ചക്ക വിഭവങ്ങളെ കുറിച്ച് പത്മിനി ശിവദാസ് വയനാട് ക്ലാസ് എടുക്കുത്തു.ചക്ക മഹോത്സവത്തിൽ പങ്കെടുത്തവർക്ക് ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നൽകി.സി.എം ശശി സ്വാഗതം പറഞ്ഞ ചടങ്ങിന് എം.സി കുമാരൻ നന്ദിയും പറഞ്ഞു.

Comments
Post a Comment